2012 ജൂൺ 10, ഞായറാഴ്‌ച

ഒരു ബലിയുടെ ഓര്‍മ...



പി. അഹ്മദ് ശരീഫ്

ഒന്നും ഓര്‍ക്കാനാവുന്നില്ല-ചിത്രങ്ങളൊന്നും മനസ്സില്‍ തെളിഞ്ഞുവരുന്നില്ല. ഭൂതവും വര്‍ത്തമാനവും ഒന്നും തലയില്‍ ഇരമ്പിമറിയുന്നില്ല. ഭാവി ശൂന്യമായ ഒരു ബ്ളാക്ബോര്‍ഡായി ഇടയ്ക്കിടെ മിന്നിമറയുന്നതൊഴിച്ചാല്‍ ആകെ ഒരു മരവിപ്പ്- മരവിപ്പു മാത്രം. എല്ലാം അവളായിരുന്നു. കുട്ടികളെ നോക്കുന്നതും പഠിപ്പിക്കുന്നതും പഴി പറയുന്നതും ചിരിപ്പിക്കുന്നതും സ്നേഹിക്കുന്നതുമെല്ലാം. ഒന്നും ശ്രദ്ധിക്കുന്നില്ലെന്ന പഴി മാത്രം കേട്ടാല്‍ മതിയായിരുന്നു എനിക്ക്. സ്നേഹവചനങ്ങളുടേയും സഹതാപമൊഴികളുടേയും സമാശ്വാസങ്ങള്‍ക്കിടയില്‍ പൊങ്ങുതടിപോലെ നീങ്ങുകയാണ് ഒരു ഭര്‍ത്താവ്. കടമകള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത ഭര്‍ത്താവുദ്യോഗസ്ഥനെന്ന കടുത്ത കുറ്റബോധം. പിന്നീടാവട്ടെയെന്ന് എല്ലാം നാളേക്കു നീട്ടിവച്ച് നാടുനന്നാക്കാന്‍ നടക്കുന്ന നിന്നെ പലവട്ടം അവള്‍ ഓര്‍മിപ്പിക്കുകയുണ്ടായി. കുറച്ചു സമയം കുട്ടികള്‍ക്കും കൂടി. അടുത്ത തവണയാവട്ടെ എന്ന നീരസം കലര്‍ന്ന മറുപടികളുമായി അവളുടെ വായടച്ചു നീ പടിയിറങ്ങുന്നു. നിന്റെ ശരീരത്തിലെ ഒരു കൊച്ചു പോറല്‍ കണ്ട് ആധിപ്പെടുന്ന അവളുടെ വലിയരോഗങ്ങള്‍ക്കു വേണ്ടത്ര വില കല്‍പ്പിക്കാന്‍ നിനക്കായോ? നിന്റെ നൈറ്റ് ഡ്യൂട്ടി തീരാന്‍ ഉറക്കൊഴിഞ്ഞ് കാത്തിരിക്കുകയും പുലര്‍ച്ചെ നീ കൂര്‍ക്കംവലിച്ചുറങ്ങുമ്പോള്‍ കുട്ടികളെ പഠിപ്പിക്കാനായി ധൃതിപിടിച്ച് ദീര്‍ഘദൂരബസ്സുകളുടെ പിന്നാലെ ഓടിച്ചാടിക്കയറുകയും ചാടിയിറങ്ങുകയും നില്‍ക്കാന്‍ വയ്യാത്ത കാലത്തും തിക്കിത്തിരക്കി നിന്നു യാത്ര ചെയ്യുകയും ചെയ്യുന്ന അവള്‍ മരിച്ചിട്ടില്ല. അങ്ങനെ വിശ്വസിക്കാന്‍ നിനക്കാവുകയുമില്ല. നിന്നെ കളിപ്പിക്കാന്‍ എവിടെയോ മറഞ്ഞിരിക്കുകയാണവള്‍. എപ്പോഴെങ്കിലും തിരിച്ചുവന്ന് 'ഇയാള്‍ പഠിച്ചില്ലേ' എന്ന ഭാവം കാട്ടുമെന്ന പ്രതീക്ഷ തുടരുകയാണു നീ. കുട്ടികളുടെ കാര്യങ്ങളെല്ലാം അവള്‍ നോക്കിക്കൊള്ളുമെന്ന അഹന്തയുമായി പാഞ്ഞുനടക്കുകയായിരുന്നില്ലേ? ഇപ്പോഴെങ്ങനെയുണ്ട് എന്ന് അവള്‍ ചോദിക്കുന്നില്ല. പക്ഷേ, ആ നോട്ടം- ആ നോട്ടത്തില്‍ എല്ലാമുണ്ട്. ചിലപ്പോഴൊക്കെ വേണ്ടത്ര സാമൂഹികപ്രതിബദ്ധതയില്ലാത്തവളെന്ന് അവളെ കുറ്റപ്പെടുത്തും. എന്നിട്ടോ? എന്തുണ്ടായി? എല്ലാം അവള്‍ കൊണ്ടുപോയി. വര്‍ഷങ്ങളായി സാമൂഹികസേവനരംഗത്തു പ്രവര്‍ത്തിക്കുന്നെന്ന നിന്റെ ഊറ്റം തരിപ്പണമായി. മറ്റുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ മരിച്ചാലും വേണ്ടില്ല എന്നൊക്കെയുള്ള നിന്റെ ഗീര്‍വാണങ്ങള്‍ അവളുടെ ദിവ്യരക്തസാക്ഷിത്വത്തിനു മുന്നില്‍ വട്ടപ്പൂജ്യമായി. നൂറുകണക്കിന് കുട്ടികളെ ഫിസിക്സിന്റെ സങ്കീര്‍ണമായ ആന്തരാര്‍ഥങ്ങളിലേക്ക് കൈ പിടിച്ചു കൊണ്ടുപോയ വെറുമൊരു നാടന്‍ പെണ്ണ്. കോളജില്‍നിന്നു മടങ്ങിയെത്തിയാല്‍ എന്നും പറയുന്ന കഥ ഒന്നായിരിക്കും. നിന്നെ കൈയില്‍ കിട്ടുന്ന അപൂര്‍വം രാത്രികളില്‍ അവളതു തന്നെ പറയും. ദിവസവും കാണുന്ന വാഹനാപകടങ്ങള്‍. ബസ്സിടിച്ചത്, ലോറി തലകുത്തനെ കിടക്കുന്നത് മീഞ്ചന്തയില്‍നിന്നു തിരൂരങ്ങാടിയിലേക്കും തിരിച്ചുമുള്ള ഹൈവേ യാത്രയ്ക്കിടയില്‍ ഒന്നോ രണ്േടാ അപകടം കാണാതിരിക്കില്ല. അതവളുടെ മനസ്സില്‍ ഉടക്കിനില്‍ക്കുന്നുണ്ടായിരുന്നു. അതിനിടെ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ഒപ്പിടാന്‍ മകന്റെ കൂടെ സ്കൂട്ടറില്‍ കോളജിലേക്കു വരുകയായിരുന്ന പ്രഫസറുടെ മരണം അവളെ വല്ലാതെ ഉലച്ചു. സ്കൂട്ടറോടിച്ചിരുന്ന പ്രഫസറുടെ മകന് കഴിഞ്ഞ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയത് അവള്‍ എത്രയോ തവണ നിന്നോട് ആവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്തിനായിരുന്നു. അതിവേഗ ബസ്സുകളിലുള്ള സ്വന്തം യാത്രയുടെ ആപത്തിനെക്കുറിച്ച് അവള്‍ ബോധവതിയായിരുന്നു. അതു പക്ഷേ, ഹൈവേയിലെ വാഹനാപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികളെടുപ്പിക്കാന്‍ സ്വന്തം രക്തവും ജീവനും ദാനം ചെയ്തു കൊണ്ടായിരിക്കുമെന്ന് കരുതാനായില്ല. എങ്കിലും, രക്തസാക്ഷ്യം അവള്‍ക്കാണു ദൈവം നല്‍കിയത്. മാസത്തില്‍ 40 അപകടങ്ങള്‍ നടക്കുന്ന തലപ്പാറ പ്രദേശത്ത് ഉയരത്തില്‍നിന്നു ബസ്സ് താഴെ വയലിലേക്കു മറിഞ്ഞപ്പോള്‍ മരിച്ചത് അവള്‍ മാത്രം. അവളുടെ ബലി വേണ്ടിവന്നു അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍. പിറ്റേന്നവിടെ പ്രക്ഷോഭം. അതിന്റെയും പിറ്റേന്ന് മുന്നറിയിപ്പു ബോര്‍ഡുകള്‍; അതിന്റെയും പിറ്റേന്ന് റോഡിനിരുവശവും വീതികൂട്ടി കല്ലിട്ട് കെട്ടാന്‍ തുടങ്ങിയിരിക്കുന്നു. പ്രഫസര്‍ ഉമ്മു സുബൈദയെ ശരിക്കും അറിഞ്ഞതപ്പോഴാണ്? നാട്ടുകാര്‍ മാത്രമല്ല, ഞാനും. ഈ മരണാനന്തരബഹുമതിയോടെയാണു പോക്കര്‍ സാഹിബ് മെമ്മോറിയല്‍ കോളജിലെ അസോഷ്യേറ്റ് പ്രഫസറെ ഭര്‍ത്താവും തിരിച്ചറിയുന്നത്. അവള്‍ പോയി. സത്യമായിട്ടും പോയി. വിശ്വസിക്കാനാവുന്നില്ല. അതെങ്ങനെ സംഭവിച്ചു? അത്തരമൊരു വിധി ദൈവമേ; നീ എനിക്കുവേണ്ടി മാറ്റിവച്ചു? എന്റെ അഹങ്കാരത്തിന്റെ മണ്ടയ്ക്കു തന്നെ നീ തന്നു ഊക്കനൊരു ഇടി. വിമാനത്തിനകത്തിരുന്നു കരഞ്ഞുതീര്‍ക്കാമെന്നായിരുന്നു വിചാരിച്ചത്. പക്ഷേ, ഒരൊറ്റ തുള്ളി കണ്ണുനീര്‍ പുറത്തേക്കു വരുന്നില്ല. എല്ലാം കരഞ്ഞുതീര്‍ത്താല്‍ ആശ്വാസമാകുമെന്ന തെറ്റിദ്ധാരണയും പാളി. എങ്കിലും പതറിയ മനസ്സോടെ ബന്ധുമിത്രാദികളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടുകൂടാ എന്ന് ഉള്ളിലിരുന്ന് ആരോ ഉപദേശിച്ചു. കരിപ്പൂരിലെത്തുമ്പോഴേക്കും ഞാനെന്നെ പാകപ്പെടുത്തി. പുറത്തുകാത്തിരുന്ന സുഹൃത്തുക്കളും ബന്ധുക്കളും കരയുന്നു. 'പതറരുത്-പതറിയാല്‍' എന്നൊരു ആത്മസുഹൃത്തിന്റെ താക്കീത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വെളുക്കുംമുമ്പെ എത്തുമ്പോഴേക്കും നിരവധി പേര്‍ അവിടെ ഉറക്കമിളച്ചു കാത്തിരിക്കുന്നതു കണ്ടപ്പോഴാണ് ടീച്ചറെ യഥാര്‍ഥത്തില്‍ ഞാനറിയാന്‍ തുടങ്ങിയത്. ഭര്‍ത്താവ് എത്തും മുമ്പേ ആയിരക്കണക്കിനാളുകള്‍ മോര്‍ച്ചറിക്കു മുമ്പിലെത്തിയിരുന്നു. പൊട്ടിക്കരയുന്ന ശിഷ്യഗണങ്ങളും തിരൂരങ്ങാടി പ്രദേശത്തെ നാട്ടുകാരും അവള്‍ മാറിമാറി താമസിച്ചിരുന്ന മൂന്നു വീടുകളുടെ പരിസരങ്ങളിലുള്ള ആബാലവൃദ്ധം ജനങ്ങളും. അമ്പരപ്പിക്കുന്നതായിരുന്നു ആ കാഴ്ച. ഇത്രയും സ്നേഹം പിടിച്ചുപറ്റിയിരുന്ന മഹതിയോ എന്റെ വെറുമൊരു ഭാര്യ. ടീച്ചറുടെ മുഖമൊന്നു കാണാതെ വീട്ടില്‍ പോവില്ലെന്നു വാശിപിടിച്ച് വാവിട്ടുകരയുന്ന ശിഷ്യഗണങ്ങളെക്കുറിച്ചുള്ള വിവരണമാണെന്നെ ഈറനണിയിച്ചത്. അതുവരെ പുറത്തേക്കു വരാന്‍ മടിച്ച കണ്ണുനീര്‍ ചാടിപ്പുറപ്പെട്ടു. മോര്‍ച്ചറിക്കകത്ത് ഫ്രീസറില്‍ തണുത്തുറഞ്ഞു കിടക്കുന്ന അവളുടെ മുഖം നിനക്കു തിരിച്ചറിയാന്‍ കഴിഞ്ഞോ? തീര്‍ത്തും പ്രശാന്തമായിരുന്നു ആ മുഖം. പതിവായി മുഖത്തു പടരുന്ന വിക്ഷോഭങ്ങളോ ആധിയോ അസ്വസ്ഥതകളോ ഇല്ലാതെ അവളുറങ്ങുന്നു. മകന്‍ തോളത്ത് പിടിച്ചമര്‍ത്തിയപ്പോള്‍ നഷ്ടമെന്തെന്ന് നീ തിരിച്ചറിയുന്നു. ആളുകള്‍ തിങ്ങിനിറഞ്ഞ വീട്ടിലേക്കു കയറിയ എനിക്ക് മകളോട് ഒന്നും പറയാനായില്ല. വിതുമ്പലുകള്‍ക്കിടയില്‍ ഒരു പതിനാലുകാരിയുടെ സ്വകാര്യദുഃഖങ്ങളെ അടക്കിനിര്‍ത്താനാവില്ല. അവളുടെ ചുണ്ടുകളില്‍നിന്നു വായിച്ചെടുത്തത് വല്ലാത്തൊരു വാചകം: 'എനിക്കു പേടിയാവുന്നു' അവളെ കൈപ്പിടിയിലൊതുക്കി സുരക്ഷിതത്വം ബോധ്യപ്പെടുത്താനുള്ള എന്റെ ശ്രമം വെറുതെയായി. അത് അമ്മയ്ക്കു മാത്രം സാധിക്കുന്ന കാര്യം. മാതൃശ്രദ്ധ അനിവാര്യമായ പ്രായം; അവരോ കൂട്ടുകാരികള്‍. ഞാനെപ്പോഴും കളിയാക്കാറുണ്ട്. മോളാണ് ഉമ്മയെന്ന്. ഉമ്മയാണു മോളെന്നും. മകളുടെ സ്കൂള്‍ബസ് വട്ടക്കിണറിലെത്തും മുമ്പേ അവിടെയെത്തിച്ചേരണം. അത്രയ്ക്ക് ആശങ്കയാണു മകളുടെ സുരക്ഷയില്‍. കാലം ശരിയല്ല. അതിന്റെ വെപ്രാളവും പിരിമുറുക്കവുമായിരുന്നു അവളുടെ അകംനിറയെ. വട്ടക്കിണറിലെത്തുന്ന ഉമ്മയെ കാണാതെ അവള്‍ അരീക്കാട് തേജസിന്റെ ഓഫിസിലെത്തി. കോയിന്‍ ബോക്സില്‍ നിന്ന് ഉമ്മയുടെ മൊബൈലിലേക്ക് വിളിച്ചുകൊണ്േടയിരിക്കുകയായിരുന്നു. മൊബൈല്‍ റിങ് ചെയ്യുന്നതല്ലാതെ ആരുമെടുക്കുന്നില്ല. ഉമ്മ ഇനി ഫോണ്‍ എടുക്കുകയില്ലെന്ന് അവള്‍ അറിയാതിരിക്കെ, സഹപ്രവര്‍ത്തകര്‍ നെട്ടോട്ടത്തിലായിരുന്നു. എന്തെന്നറിയാതെ പകച്ച് മോളും; അവളോട് എന്തുപറയണമെന്നറിയാതെ മറ്റുള്ളവരും. എങ്ങനയോ അവളെ വീട്ടിലെത്തിച്ചപ്പോള്‍ എല്ലാവരും പൊട്ടിക്കരഞ്ഞുപോയെന്ന് പറയുമ്പോള്‍; ഇപ്പോള്‍ എന്റെ സമനില തെറ്റുന്നു. ഭാര്യയെ ഇട്ടേച്ചു വിദേശത്തു പോയ നീ ചെയ്തത് ശരിയോ? അവളെ ദിവസവും തിരക്കിട്ട ഹൈവേ യാത്രയ്ക്കു വിട്ട നീ ചെയ്തത് ശരിയോ? ഒരു മിന്നല്‍പ്പിണര്‍ ഹൃദയത്തിലൂടെ പാഞ്ഞുപോയതാരും കണ്ടില്ല. ജൂണ്‍ എട്ടിനായിരുന്നു ഞാന്‍ റിയാദിലേക്കു പുറപ്പെട്ടത്. 10നു രാവിലെ തുടങ്ങിയ പത്രത്തിന്റെ സുപ്രധാന യോഗം കഴിഞ്ഞ് ഓഫിസിലെത്തി കസേരയിലേക്കിരുന്നതേയുണ്ടായിരുന്നുള്ളൂ- എം.ഡിയും ഡയരക്ടറും അടുത്തുവന്നു. എന്തോ അപകടമുണ്ടായിരിക്കുന്നു. വിശദവിവരങ്ങളൊന്നുമറിയില്ല. അന്വേഷിച്ചുവരുന്നു. അവിശ്വാസ്യതയോടെ അവരുടെ മുഖത്തുനോക്കിയ എന്നില്‍ നിന്നും എന്തോ കാര്യമായി ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത് എളുപ്പം വായിച്ചെടുക്കാമായിരുന്നു. അപ്രതീക്ഷിതവും ആഘാതകരവുമായ ഒരു വാര്‍ത്ത? എടോ കഴുതേ നൂറുകണക്കിന് അപകടവാര്‍ത്തകളെഴുതുകയോ എഡിറ്റ് ചെയ്യുകയോ ചെയ്ത മൃത്യുവുമായി മുഖാമുഖം നിന്ന അനുഭവമുള്ള, മുംബൈയിലെ മനുഷ്യശവക്കൂമ്പാരങ്ങള്‍ മനംപുരട്ടാതെ നോക്കി നെടുവീര്‍പ്പിട്ട തനിക്ക് സ്വന്തം ഭാര്യ എന്നന്നേക്കുമായി വിടപറഞ്ഞിരിക്കുന്നു എന്ന് വിശ്വസിക്കാനാവുന്നില്ലേ. മനസ്സാകെ ഒരു ശൂന്യത മൂടുകയായി. മനോരമ ഓഫിസില്‍ നിന്നും മറ്റൊരു അടിയന്തര വിളി. താങ്കളെ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്നു നാട്ടില്‍ നിന്നും അറിയിപ്പ്. അടിയന്തരമായി നാട്ടിലേക്ക് വിളിക്കണം. ഓഫിസില്‍ നിന്നിറങ്ങുമ്പോള്‍ ടി.വിയില്‍ ഫ്ളാഷ് ന്യൂസ്. മലപ്പുറത്തു ബസ്സ് വയലിലേക്കു മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ചേര്‍ത്തുവായിക്കുകയാണിപ്പോള്‍ ഞാന്‍; കാര്യങ്ങള്‍ ഏതാണ്ട് വ്യക്തം. എല്ലാം കൈവിട്ടു എന്നെനിക്കു തീര്‍ച്ചയാവുന്നു. എയര്‍പോര്‍ട്ടിലെത്തിയിട്ടും മരവിപ്പ് മാറിയില്ല. ഖത്തറില്‍ നിന്നു സബാഹിനെയും ദുബയില്‍നിന്നു വാസിലിനേയും നാട്ടിലെത്തിക്കാനുള്ള ഏര്‍പ്പാട് നടന്നുകഴിഞ്ഞിരുന്നു. സ്നേഹിക്കാന്‍ പിശുക്കിയെന്ന് നീ ആക്ഷേപിക്കുന്ന അവള്‍ എന്തുമാത്രം സ്നേഹനിധിയായിരുന്നെന്ന് ശിഷ്യര്‍ കാണിച്ചു തന്നില്ലേ. നിന്റെ പദവിയും ശിഷ്യഗണങ്ങളിലുള്ള മഹദ്സ്ഥാനവും നീ വാങ്ങുന്ന ശമ്പളം എത്രയെന്നു പോലും അറിയാത്ത വിഡ്ഢിയായിരുന്നു ഇവന്‍. ഇതെല്ലാം ഇവനെ ബോധ്യപ്പെടുത്താന്‍ നീ സ്വയം ബലിയായി. നിന്റെ നിര്‍ബന്ധവും ആക്ഷേപങ്ങളും കേട്ടുകേട്ടാണ് നമ്മുടെ വീടിന്റെ ഓരോ പടവുകളുടെ പണികളും നടന്നത്. എന്നിട്ടതിലൊരുനാള്‍ കിടന്നുറങ്ങാനാവാതെ ആറടി മണ്ണിലേക്കുള്ള നിന്റെ തിരോധാനം ഇപ്പോഴും പ്രഹേളികയായി അവശേഷിക്കുന്നു. മൂന്നു മക്കളെ തനിച്ചാക്കിപ്പോയതിലുള്ള വ്യസനം; നീയിത്ര ദുര്‍ബലനോ എന്ന് ആളുകള്‍ പറയുമെന്ന ഭീതിയില്‍ കരയാനാവാതെ ദുഃഖം ഉള്ളിലൊതുക്കി എല്ലാവരോടും ചിരിക്കുന്ന ഈ കാപട്യം ഇനി വയ്യ. അലംഘനീയമായ ദൈവനിശ്ചയമെന്ന് സമാധാനിക്കട്ടെ ഞാന്‍. ഇപ്പോഴെങ്കിലും നിങ്ങളൊന്ന് വീട്ടിലിരുന്നല്ലോ എന്ന് നീ ആശ്വസിക്കുന്നുണ്ടാവും-വീടിന്റെ പണി പൂര്‍ത്തിയായിരിക്കുന്നു. ഒരു അപൂര്‍ണത അവിടെയിപ്പോഴും നിഴലിക്കുകയാണ്. വീടിനേക്കാള്‍ സുരക്ഷിതം ആറടിമണ്ണിലെ കല്ലറയാണെന്ന് നീ തീരുമാനിച്ചു.പക്ഷേ, എന്റെ ഉറക്കം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ജൂണ്‍ എട്ടിന് റിയാദിലേക്ക് പോവാനായി ധൃതിപിടിച്ചു പടിയിറങ്ങുമ്പോള്‍ വാതില്‍പ്പടിയിലെ നിന്റെ നില്‍പ്പ് കണ്ണടയ്ക്കുമ്പോഴേക്കും തെളിഞ്ഞുവരുന്നു. ശരിക്കും യാത്ര പോലും പറയാതെയുള്ള ആ വൈകിയോട്ടം നോക്കി പതിവില്ലാത്ത പന്തികേട് നിറഞ്ഞ നിന്റെ അസ്വസ്ഥവദനം മരിക്കാത്ത നിശ്ചലദൃശ്യമായി അവശേഷിക്കുന്നു. പഞ്ചേന്ദ്രിയങ്ങളുടെ മരവിപ്പ് ഇപ്പോഴും മാറിയിട്ടില്ല. അതിനാല്‍ സമാശ്വാസത്തിന്റെ കൈതാങ്ങുകളുമായി സമീപിച്ച എല്ലാവര്‍ക്കും വളരെ വൈകിയെങ്കിലും നന്ദി എന്ന രണ്ടക്ഷരമല്ലാതെ മറ്റൊന്നും പകുത്തുതരാനില്ലാത്ത ഇവനെ പഴിക്കരുതേയെന്നു മാത്രമാണ് അപേക്ഷ.




തേജസ് റസിഡന്റ് എഡിറ്റര്‍ പി അഹ്മദ് ശെരീഫിന്റെ ഓര്‍മ കുറിപ്പ്



കടപ്പാട്:
ആഴ്ചവട്ടം
തേജസ് ദിനപത്രം

 

2012 ജൂൺ 3, ഞായറാഴ്‌ച

ലൈറ്റര്‍ വിതച്ച ദുരന്തം; അഞ്ജലി കരുണയുടെ കരങ്ങള്‍ക്കായി കാത്തിരിക്കുന്നു




വിധി കശക്കിയെറിഞ്ഞ ദുരന്ത മുഖങ്ങളോടു മല്ലടിച്ച് സ്വഭാവിക ജീവിതയ്യിലേക്ക് തിരിച്ചെത്താന്‍ വെമ്പല്‍ കൊള്ളുകയാണ് അഞ്ജലി എന്ന എട്ടു വയസുകാരി. സിഗരറ്റ് ലൈറ്റര്‍ പൊട്ടിത്തെറിച്ച് വസ്ത്രത്തിനു തീപിടിച്ചുണ്ടായ ദുരന്തത്തില്‍ ശരീരമാസകലം പൊള്ളിക്കറിഞ്ഞ അഞ്ജലിയ്ക്ക് ചികിത്സ നടത്താന്‍ വകയില്ലാതെ നെട്ടോട്ടമോടുകയാണ് കൂലിപ്പണിക്കാരായ അച്ഛനും അമ്മയും. 2011 ജനുവരി ഒന്‍പതിനായിരുന്നു നാടിനെ നടുക്കിയ സംഭവം. സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ചു കളിച്ചുകൊണ്ടിരുന്ന അഞ്ജലിയുടെ കൈയിലിരുന്ന് ലൈറ്റര്‍ എങ്ങനെയോ പൊട്ടിത്തെറിക്കുകയായിരുന്നു. വസ്ത്രത്തിലേക്ക് പടര്‍ന്ന തീ അണയ്ക്കാന്‍ അഞ്ജലി നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. അലര്‍ച്ച കേട്ട് അമ്മ ലക്ഷ്മി ഓടിയെത്തിയപ്പോഴേയ്ക്കും അഞ്ജലിയുടെ ശരീരമാകെ പൊള്ളിക്കരിഞ്ഞിരുന്നു. കഴുത്തും നെഞ്ചും വയറുമെല്ലാം പൊള്ളിയ നിലയിലാണ് അഞ്ജലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അഞ്ജലി. സ്ലേറ്റും പെന്‍സിലുമായി അനിയത്തി അംഗന്‍വാടിയില്‍ പോകുമ്പോള്‍ അഞ്ജലിയുടെ കണ്ണുകള്‍ ഈറനണിയും. പഠിക്കാന്‍ മിടുക്കിയായിരുന്ന അഞ്ജലിയ്ക്ക് സംഭവ ശേഷം സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം ഇ.എസ്.ഐയില്‍ മൂന്നു മാസത്തെ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ മെയിലാണ് അഞ്ജലി വീട്ടിലെത്തിയത്. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലാണ് ചികിത്സ നടക്കുന്നത്. ആരംഭത്തില്‍ 15 ദിവസം കൂടുമ്പോള്‍ ആശുപത്രിയിലേക്ക് പോകണമായിരുന്നുവെങ്കിലും ഇപ്പോള്‍ അത് മാസത്തില്‍ ഒന്നാക്കി. തുടയില്‍ നിന്നും തൊലിയെടുത്ത് പൊള്ളലേറ്റ ഭാഗങ്ങളില്‍ വച്ചുപിടിക്കുകയാണ് ഇപ്പോള്‍. എട്ട് വയസ് മാത്രം പ്രായമുള്ളതിനാല്‍ തൊലി വളരാന്‍ ഉണ്ടാകുന്ന കാലതാമസം മൂലമാണ് ഒരു മാസത്തെ ഇടവേള നിര്‍ദേശിച്ചിരിക്കുന്നത്. ശരീരമാസകലം പൊള്ളലേറ്റതിനാല്‍ വസ്ത്രം അണിയുന്നതിനോ പുറത്ത് പോകുന്നതിനോ അഞ്ജലിയ്ക്ക് കഴിയില്ല. പൊടിയും കാറ്റുമടിച്ചാല്‍ താങ്ങാനുള്ള ശേഷിയില്ല. ഇടതുകൈ ഇതുവരെയും ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ചികിത്സ സഹായത്തിനായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും വില്ലേജില്‍ നല്‍കിക്കോളൂവെന്ന പതിവു മറുപടിയാണ് ലഭിച്ചത്. ഇ.എസ്.ഐയിലെ ചികിത്സകള്‍ക്കു മാത്രം മൂന്നു ലക്ഷം രൂപ ചെലവുവന്നു. എല്ലാ മാസവും മെഡിക്കല്‍ കോളജിലേക്കുള്ള പോക്കിലും പതിനായിരങ്ങള്‍ ചെലവാകുന്നുണ്ട്. ബസില്‍ യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ വണ്ടി വിളിച്ചാണ് എല്ലാ മാസവും ആശുപത്രിയിലെത്തിക്കുന്നത്. കൂലിപ്പണിക്കാരനായ കുഞ്ഞുമോനും വീട്ടമ്മയായ ലക്ഷ്മിയും തുടര്‍ന്നുള്ള മകളുടെ ചികിത്സയ്ക്ക് എന്തുചെയ്യണമെന്നറിയാതെ നെടുവീര്‍പ്പെടുകയാണ്. കുഞ്ഞുമോനും ലക്ഷ്മിയും കടം വാങ്ങിയും പലരുടെയും സഹായത്താലും ഇത്രയും നാള്‍ ചികിത്സിച്ചെങ്കിലും തുടര്‍ന്നുള്ള ചികിത്സകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ്. അടിയന്തിരമായി മൂന്നു ശസ്ത്രക്രിയകള്‍ കൂടി നടത്തണമെന്നിരിക്കെ നല്ല മനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് അഞ്ജലിയും മാതാപിതാക്കളും. അംഗന്‍വാടിയില്‍ പഠിക്കുന്ന അഞ്ജന, കൈക്കുഞ്ഞുങ്ങളായ അജല, അജിത്ത് എന്നിവര്‍ സഹോദരങ്ങളാണ്. യൂണിയന്‍ ബാങ്ക് കട്ടപ്പന ബ്രാഞ്ചില്‍ അമ്മ ലക്ഷ്മിയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 352802010027066. ഫോണ്‍: 8606199597.

2012 മേയ് 5, ശനിയാഴ്‌ച

മുല്ലപ്പെരിയാര്‍: കേരളത്തിന്റെ വാദങ്ങള്‍ സമര്‍ഥിക്കാനാവാത്തത് തിരിച്ചടിയായി





 പുതിയ ഡാമിനു പിന്നാലെ കേരളം പാഞ്ഞപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടും കരാറും ബലമുള്ളതെന്ന് തെളിയിച്ചു തമിഴ്‌നാട്. കേസ് നടത്തിപ്പിനു ചുക്കാന്‍പിടിച്ച മുല്ലപ്പെരിയാര്‍ സെല്ലിലെ തൊഴുത്തില്‍ക്കുത്തും തിരിച്ചടിയായി.

അണക്കെട്ട് ബലക്ഷയമാണെന്നു കൈയിലുള്ള രേഖകള്‍ ഉദ്ധരിച്ച് സമിതിക്കുമുന്നില്‍ വാദിക്കാന്‍ നില്‍ക്കാതെ പുതിയ ഡാമെന്ന ആവശ്യത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചതാണ് വീണ്ടും തിരിച്ചടിക്കു കാരണമെന്ന് മുല്ലപ്പെരിയാര്‍സെല്‍ അംഗമായിരുന്ന കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയര്‍ എസ് ശശിധരന്‍ തേജസിനോടു പറഞ്ഞു.

സമിതി നടത്തിയ സിറ്റിങുകളില്‍ ഒന്നില്‍പ്പോലും കേരളത്തിന്റെ അഭിഭാഷകരോ മുല്ലപ്പെരിയാര്‍ സെല്ലിലെ വിദഗ്ധരോ ബലക്ഷയം സംബന്ധിച്ച വാദം ഫലപ്രദമായി ഉന്നയിച്ചില്ല.കേരളം പുതിയ ഡാമിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മാത്രം മുന്നോട്ടുപോയപ്പോള്‍ തമിഴ്‌നാട് അണക്കെട്ട് സുരക്ഷിതമാണെന്നു വരുത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയായിരുന്നു.

കൂടാതെ, ഉന്നതാധികാരസമിതിയിലെ സാങ്കേതികസമിതി അംഗങ്ങളായ സി ഡി തട്ടേയുടെയും ഡി കെ മേത്തയുടെയും ഇടപെടലുകളും ഇപ്പോഴത്തെ തിരിച്ചടിക്കു വഴിയൊരുക്കി. സി ഡി തട്ടേയുടെ നേതൃത്വത്തില്‍ നടത്തിയ സാങ്കേതിക പരിശോധനാ സമയത്ത് കേരളത്തിന്റെ പ്രതിനിധികളായ മുല്ലപ്പെരിയാര്‍ സെല്ലിലെ വിദഗ്ധര്‍ ഉന്നയിച്ച കാര്യങ്ങള്‍ കേള്‍ക്കാന്‍ പോലുമുള്ള സന്‍മനസ്സ് ഉന്നതാധികാരസമിതി കാട്ടിയില്ല.

എല്ലാം നിസ്സംഗതയോടെ നോക്കിക്കണ്ട കേരളത്തിന്റെ പ്രതിനിധികള്‍ കേസ് സുപ്രിംകോടതിയില്‍ വരുമ്പോള്‍ കാര്യങ്ങള്‍ ഉന്നയിക്കാമെന്ന നിലപാടിലായിരുന്നു. ഇനി ഇതുള്‍െപ്പടെയുള്ള കാര്യങ്ങള്‍ എങ്ങനെ സുപ്രിംകോടതിയുടെ മുന്നിലെത്തിക്കാന്‍ കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു കേരളത്തിന്റെ വിധി.

 മുല്ലപ്പെരിയാര്‍ സെല്ലില്‍ ഉടലെടുത്ത അധികാരത്തര്‍ക്കവും തൊഴുത്തില്‍ക്കുത്തും കേസില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നതിന് തടസ്സമായിട്ടുണ്ട്. അണക്കെട്ടില്‍ 1200 അടി നീളത്തില്‍ വിള്ളല്‍ വീണതായി സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയതോടെ സെല്‍ അംഗമായിരുന്ന എം ശശിധരനെ സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ വിദഗ്ധസംഘത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. പലപ്പോഴും സുപ്രിംകോടതി ഉന്നതാധികാര സമിതിയുടെ നിലപാടുകളെ പരസ്യമായിത്തന്നെ ചോദ്യംചെയ്തു വന്നത് ശശിധരനായിരുന്നു.

പിന്നീട് അണക്കെട്ടില്‍ നടന്ന പരിശോധനകളിലെ ഏകപക്ഷീയ തീരുമാനങ്ങളെ എതിര്‍ക്കാന്‍ ആരുമുണ്ടായില്ല. മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍നായരും ജലവിഭവവകുപ്പ് ചീഫ് എന്‍ജിനീയര്‍ പി ലതികയും കാഴ്ചക്കാര്‍ മാത്രമായി മാറുന്ന കാഴ്ചയാണു കണ്ടത്.






ഡാം സുരക്ഷിതമെന്നത് ആശ്വാസകരം: ജസ്റ്റിസ് കെ ടി തോമസ്

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നു സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയംഗം ജസ്റ്റിസ് കെ ടി തോമസ്. അണക്കെട്ട് സംബന്ധിച്ചു വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് ഇത്തരമൊരു കണെ്ടത്തല്‍ നടത്തിയിരിക്കുന്നത്.

അതു തെറ്റാണെന്നു പറയാനുള്ള വൈദഗ്ധ്യം തനിക്കില്ല. അവരുടെ അഭിപ്രായത്തോട് തനിക്കു വിയോജിക്കാനാവില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാക്കി നിലനിര്‍ത്തണമെന്ന തന്റെ ആവശ്യം റിപോര്‍ട്ടില്‍ അംഗീകരിച്ചിട്ടുണ്ട്. റിപോര്‍ട്ടിലെ ഈ ഭാഗം ചൂണ്ടിക്കാട്ടി വേണം ഇനി കേരളം സുപ്രിംകോടതിയില്‍ വാദിക്കേണ്ടതെന്നും തോമസ് പറഞ്ഞു.

പുതിയ അണക്കെട്ട് സംബന്ധിച്ച കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്ന പരാമര്‍ശം കേരളത്തിന് അനുകൂലമാണ്. പുതിയ ഡാം വേണെ്ടന്ന് ഉന്നതാധികാര സമിതി പറഞ്ഞിട്ടില്ല. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നു വിദഗ്ധ സമിതി റിപോര്‍ട്ടില്‍ വിലയിരുത്തുന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസകരമാണെന്നും തോമസ് പറഞ്ഞു.

2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

മുല്ലപ്പെരിയാര്‍: കോടികള്‍ ഒഴുക്കിയിട്ടും കേരളത്തിന്റെ ആശങ്ക ഒഴിയുന്നില്ല




മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക ഒഴിയുന്നില്ല. ഉന്നതാധികാരസമിതി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിനെക്കുറിച്ച് പുറത്തുവന്ന സൂചനകള്‍ അനുസരിച്ച് 2006ലെ കോടതി വിധിയെ മറികടക്കാന്‍ കേരളത്തിനു കഴിഞ്ഞില്ലെന്നതാണ് വ്യക്തമാക്കുന്നത്.

കേരളം പ്രധാനമായും ഉന്നയിച്ച അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച ആശങ്കയ്ക്ക് സമിതി കാര്യമായ പരിഗണന നല്‍കിയില്ല എന്നതാണ് ജലനിരപ്പ് 142 അടിവരെ ഉയര്‍ത്താമെന്ന നിര്‍ദേശം. 2006 ഫെബ്രുവരി 27ന് സുപ്രിംകോടതി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് വിധിച്ചിരുന്നു. ഇതു മറികടക്കാനാണ് കേരളം ഡാം സുരക്ഷാനിയമം കൊണ്ടുവന്നത്. പക്ഷേ, സുപ്രിംകോടതിയുടെ അതേ വിധി തന്നെയാണ് റിപോര്‍ട്ടില്‍ ഉന്നതാധികാരസമിതിയും ഉള്‍പ്പെടുത്തിയതെന്ന വിവരം കേരളത്തിന് കനത്ത തിരിച്ചടിയാണ്.

 പുതിയ അണക്കെട്ടിന് സമിതി ശുപാര്‍ശ നല്‍കിയെന്നത് നേട്ടമായി എടുത്തുകാട്ടുമ്പോഴും യഥാര്‍ഥ പ്രശ്‌നം അതേപടി നിലനില്‍ക്കുകയാണ്. അണക്കെട്ടിന് ബലക്ഷയമുണെ്ടന്നും ഭൂകമ്പ സാധ്യത ദുരന്തത്തിനു വഴിയൊരുക്കുമെന്നും സംസ്ഥാനം കാലങ്ങളായി ഉന്നയിച്ച വാദമുഖങ്ങള്‍ സ്ഥാപിച്ചെടുക്കാനാണ് ഡല്‍ഹി, റൂര്‍ക്കി ഐ.ഐ.ടികളിലെ വിദഗ്ധരെ ഉപയോഗിച്ച് പഠനങ്ങള്‍ നടത്തി റിപോര്‍ട്ട് തയ്യാറാക്കിയത്. സുപ്രിംകോടതി ഉന്നതാധികാരസമിതിക്കു മുന്നില്‍ സമര്‍പ്പിക്കപ്പെട്ട റിപോര്‍ട്ടുകള്‍ തള്ളിയത് അണക്കെട്ട് സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ വാദത്തിനു ബലമേകുന്നതായി. ലക്ഷങ്ങളാണ് ഐ.ഐ.ടികളുടെ പഠനത്തിനായി മാത്രം കേരളം ഖജനാവില്‍നിന്നു ചെലവിട്ടത്.

 ഇതിനുപുറമെ ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയാണ് ഓരോ സിറ്റിങിനും മുതിര്‍ന്ന അഭിഭാഷകരെത്തന്നെ ഉന്നതാധികാരസമിതിക്ക് എത്തിച്ചത്. കൂടാതെ കേസ് നടത്തിപ്പിനായി മുല്ലപ്പെരിയാര്‍ സെല്ലിലെ വിദഗ്ധര്‍ ഡല്‍ഹി വിമാനയാത്ര നടത്തിയതിലൂടെയും മറ്റുചെലവുകളുമായി ലക്ഷങ്ങളാണ് രണ്ടുവര്‍ഷത്തിനിടെ തുലച്ചത്.

കേന്ദ്ര ജലകമ്മീഷന്റെ പ്രതിനിധികളെ ഉന്നതാധികാരസമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന കേരളത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടതു തന്നെയാണ് വീണ്ടും തിരിച്ചടിക്കു കാരണമായതെന്ന് മുല്ലപ്പെരിയാര്‍ സെല്‍ മുന്‍അംഗവും മുന്‍ ചീഫ് എന്‍ജിനീയറുമായ എം ശശിധരന്‍ തേജസിനോടു പറഞ്ഞു. ആദ്യം മുല്ലപ്പെരിയാറിന്റെ സ്ഥിതിസംബന്ധിച്ചു പഠിച്ച സമിതിക്ക് നേതൃത്വം നല്‍കിയത് അന്ന് കേന്ദ്ര ജലകമ്മീഷന്‍ അധ്യക്ഷനായിരുന്ന സി ഡി തട്ടേയായിരുന്നു.

ഈ സമിതിയിലെ അംഗമായിരുന്നു ഡി കെ മേത്ത. ഇവര്‍ നല്‍കിയ റിപോര്‍ട്ടും കൂടി പരിഗണിച്ചാണ് അണക്കെട്ട് സുരക്ഷിതമെന്നും ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്നും സുപ്രിംകോടതി വിധിച്ചത്. അതേ രണ്ടുപേര്‍ തന്നെ ഉന്നതാധികാരസമിതി അംഗങ്ങളായി എത്തിയതിനെ കേരളത്തിന് എതിര്‍ക്കാനായില്ല.

ഇരുവരുടെയും നേതൃത്വത്തില്‍ വിദഗ്ധ പരിശോധനകള്‍ നടന്നപ്പോള്‍ തന്നെ റിപോര്‍ട്ട് എതിരാവുമെന്ന് സര്‍ക്കാരിന് എം ശശിധരന്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. സി ഡി തട്ടേ, ഡി കെ മേത്ത എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയതിന് കേരളം എതിര്‍പ്പുന്നയിച്ചെങ്കിലും പിന്നീട്  പിന്‍മാറുകയായിരുന്നു.



2012 ജനുവരി 12, വ്യാഴാഴ്‌ച

അണപൊട്ടുന്ന രാഷ്ട്രീയം...




തേജസ് ദിനപത്രത്തില്‍ 2011 ഡിസംബര്‍ 09 മുതല്‍ 15 വരെ പ്രസിദ്ദീകരിച്ചത്

മുല്ലപ്പെരിയാര്‍ എവിടെയും ചര്‍ച്ച ചോര്‍ച്ചയും തകര്‍ച്ചയും തന്നെ. അണക്കെട്ട് പൊട്ടിത്തകരുമോ എന്ന ഭീതിയിലൊരു ജനത; ഭീതിസൃഷ്ടിച്ച് മറ്റൊരു അണക്കെട്ട് പണിയുന്നതിന്റെ കോടികളില്‍ കണ്ണുനട്ട് കുറേ ഷൈലോക്കുമാര്‍ മറുവശത്ത്. ഇതിനിടയില്‍ എവിടെ, എന്തൊക്കെയാണ് വസ്തുതകള്‍. വിവാദങ്ങള്‍ക്കപ്പുറത്തെ യാഥാര്‍ഥ്യങ്ങളിലേക്ക് തേജസ് പ്രതിനിധി യു എച്ച് സിദ്ദീഖ് നടത്തിയ അന്വേഷണ പരമ്പര
1മുല്ലപ്പെരിയാര്‍: ഭീതി അണപൊട്ടുന്നു

ഇടുക്കി മേഖലയില്‍ തീവ്രത കുറഞ്ഞതെങ്കിലും ഭൂകമ്പങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നു. ഈ പ്രതിഭാസം 115 വര്‍ഷം പിന്നിട്ട മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ അസ്ഥിരപ്പെടുത്തുമെന്ന് വിദഗ്ധരുടെ സാക്ഷ്യപ്പെടുത്തല്‍. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ്, സെന്റര്‍ ഓഫ് റിമോട്ട് സെന്‍സിങ് എന്നീ സ്ഥാപനങ്ങളിലെ ഭൗമശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങളിലും പഠനങ്ങളിലും കേരളത്തിലൊട്ടാകെ റിക്റ്റര്‍ സ്‌കെയിലില്‍ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങളുണ്ടാവാനുള്ള സാധ്യത കണ്ടെത്തിയിട്ടുണ്ട്. ഭൂകമ്പസാധ്യതാപ്രദേശങ്ങളില്‍ മൂന്നാംമേഖലയിലാണ് കേരളത്തിന്റെ സ്ഥാനം. കേരളത്തിലെ ഭ്രംശമേഖലകളില്‍ പ്രധാനപ്പെട്ടത് ഇടമലയാര്‍, പെരിയാര്‍, അച്ചന്‍കോവില്‍, തെന്‍മല, ബാവലി, കമ്പം, ഭവാനി, കബനി, ഹുന്‍സൂര്‍, മാട്ടുപ്പെട്ടി, കാവേരി, കണ്ണന്‍കുഴിത്തോട് എന്നിവയാണ്. ഇതിനു പുറമെ നിരവധി ചെറുവിള്ളലുകളും നിലനില്‍ക്കുന്നു. ഈ വിള്ളലുകള്‍ മിക്കവയും പരസ്പരം ബന്ധപ്പെട്ടവയായതിനാല്‍ ഏതെങ്കിലുമൊന്നില്‍ താരതമ്യേന തീവ്രതയുള്ള ഒരു ചലനമുണ്ടായാല്‍പ്പോലും അതിന്റെ പ്രതിഫലനം കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിക്കുമെന്ന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ജോണ്‍ മത്തായി പറയുന്നു. മുല്ലപ്പെരിയാറിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നവയാണ് കുമളി, കമ്പം, ബോഡിനായ്ക്കനൂര്‍, തേനി വഴി തമിഴ്‌നാട്ടിലേക്കു വ്യാപിച്ചുകിടക്കുന്ന കമ്പം ഭ്രംശമേഖല. അനവധി ഭ്രംശമേഖലകളുടെ സാമിപ്യവും അവയിലെ വിള്ളലുകളും റിക്റ്റര്‍ സ്‌കെയിലില്‍ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ വരാനുള്ള സാധ്യതയും ഒത്തുചേരുമ്പോള്‍ മുല്ലപ്പെരിയാറിന്റെ നിലനില്‍പ്പ് ചോദ്യംചെയ്യപ്പെടുകയാണ്. ഇടയ്ക്കിടെ ചെറിയതോതില്‍ ഭൂമി കുലുങ്ങുന്നത് പ്രകൃതി നല്‍കുന്ന മുന്നറിയിപ്പാണ്. മുല്ലപ്പെരിയാറിന്റെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രധാനപ്പെട്ട 22 ഭ്രംശമേഖലകളുണ്ടെന്ന് റൂര്‍ക്കി ഐ.ഐ.ടിയിലെ ഭൗമശാസ്ത്രവിഭാഗം മേധാവി ഡി കെ പോളിന്റെ നേതൃത്വത്തില്‍ 2007ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരം കണ്ടെത്തലുകള്‍ നിലനില്‍ക്കെ പുതിയൊരു അണക്കെട്ട് എത്രമാത്രം അഭികാമ്യമാണ്. മുല്ലപ്പെരിയാറിന് 1,300 അടി അകലത്തില്‍ പുതിയ ഡാമിനായി കണ്ടെത്തിയ സ്ഥലത്ത് പലഭാഗത്തും പാറയുടെ ഘടന ഉറപ്പുള്ളതല്ലെന്നു കണ്ടെത്തി. ഇനിയും പഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ വിദഗ്ധര്‍.

1920ല്‍ രവീന്ദ്രനാഥ ടാഗൂറിന്റെ നാടകം അണക്കെട്ടുകള്‍ക്കെതിരേയുള്ള വികാരം രാജ്യത്ത് ഉയര്‍ത്തിവിട്ടതായി പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനായ സിവിക് ചന്ദ്രന്‍ പറയുന്നു. സ്വച്ഛന്ദമായി ഒഴുകിയിരുന്ന പുഴകളെ തടഞ്ഞുനിര്‍ത്തി വാണിജ്യവല്‍ക്കരിച്ച വെള്ളക്കാരുടെ തന്ത്രം, അതിന്റെ തുടര്‍ച്ചയെന്നോണം സ്വാതന്ത്ര്യത്തിനിപ്പുറം 1950ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഭക്രാനംഗല്‍ അണക്കെട്ട് ഉദ്ഘാടനം ചെയ്തതിലൂടെ വീണ്ടും രാജ്യത്ത് സജീവമാക്കി.(തുടരും)

2.എല്ലാവരുടെയും കണ്ണ് ജലത്തില്‍
വെള്ളത്തിനുള്ള ആവശ്യങ്ങള്‍ ഓരോ ദിവസം കഴിയും തോറും വര്‍ധിച്ചുവരികയാണ്. ഇരു സംസ്ഥാനങ്ങളിലെയും ജലാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നതരത്തിലുള്ള പുതിയ മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറാവേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ജൈവവന്യമൃഗ സമ്പന്നമായ പെരിയാര്‍ കടുവസങ്കേതത്തിന്റെ പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിച്ചുകൊണ്ടുമുള്ള പരിഹാരമാണ് ഉണ്ടാവേണ്ടത്.

നിലവില്‍ ഒരു ഘനമീറ്റര്‍ വെള്ളം കൃഷിക്ക് ഉപയോഗിക്കുമ്പോള്‍ അതിലൂടെ 34 രൂപയുടെ മൂല്യവര്‍ധനവാണ് ഉണ്ടാവുന്നത്. ഇതേ വെള്ളം വൈദ്യുതി ഉല്‍പ്പാദനത്തിനായി ഉപയോഗിച്ചാല്‍ 1012 രൂപവരെ മൂല്യം ഉയരുന്നു. കേരളം നല്‍കുന്ന വെള്ളത്തിന്റെ മൂല്യം തമിഴ്‌നാടിന് നന്നായി അറിയാം. ഒരു കിലോഗ്രാം പച്ചമുളക് വിളയിച്ചെടുക്കാന്‍ 42 ലിറ്റര്‍ ജലം വേണം. നെല്ല് വിളയിച്ച് ഒരു കിലോ അരി ഉല്‍പ്പാദിപ്പിക്കാന്‍ 290 ലിറ്ററാണ് തമിഴ്‌നാട്ടിലെ ജലത്തിന്റെ ഉപയോഗമെന്ന് കര്‍ഷകസംഘം നേതാവ് കെ എം അബ്ബാസ് പറയുന്നു. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമില്ലാതെ തെക്കന്‍ തമിഴ്‌നാടിന് നിലനില്‍പ്പില്ല. അതിനാലാണ് അണക്കെട്ടിന് ബലക്ഷയമില്ലെന്ന് സുപ്രിംകോടതിയെ ബോധ്യപ്പെടുത്തി ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാട് 2006ല്‍ അനുകൂല വിധി നേടിയത്.

എന്നാല്‍, സാങ്കേതികജ്ഞാനം ശൈശവ ദിശയിലായിരുന്ന കാലത്താണ് ഉയരവും വലിപ്പവുമേറിയ അണക്കെട്ട് നിര്‍മിച്ചത്. കാലപ്പഴക്കവും ഭൂകമ്പഭീഷണിയും വര്‍ധിച്ചതോടെ സുര്‍ക്കി നിര്‍മിത അണക്കെട്ട് ദുര്‍ബലമായി. നിര്‍മാണത്തിന് ഉപയോഗിച്ച ഏതാണ്ട് 40 ശതമാനത്തോളം സുര്‍ക്കിയും നഷ്ടപ്പെട്ടുകഴിഞ്ഞതായി കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയറും കേരളത്തിന്റെ മുല്ലപ്പെരിയാര്‍ വിദഗ്ധസംഘത്തില്‍ അംഗവുമായ എം ശശിധരന്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സെന്റര്‍ ഫോര്‍ സോയില്‍ ആന്റ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്‌റ്റേഷന്‍ (സി.എസ്.എം.ആര്‍.എസ്) സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ നിര്‍ദേശപ്രകാരം പഠനം നടത്തിയിരുന്നു. ജലാന്തര്‍ഭാഗത്ത് റിമോട്ട് സെന്‍സറിങ് കാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരമാണു ലഭിച്ചതെന്ന് എം ശശിധരന്‍ പറഞ്ഞു. അണക്കെട്ടില്‍ 1200 അടി നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയതായി അദ്ദേഹം സംസ്ഥാനസര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുകയും ചെയ്തു. നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ശശിധരനെ ഒഴിച്ചുനിര്‍ത്തുന്ന നിലപാടാണ് പിന്നീട് സ്വീകരിച്ചത്.

എന്നാല്‍ തമിഴ്‌നാട് വാദിക്കുന്നത് അണക്കെട്ട് സുരക്ഷിതമെന്നുതന്നെയാണ്. 193032 കാലത്ത് നടത്തിയ സിമന്റ് ഗ്രൗട്ടിങും 1935ല്‍ മര്‍ദ്ദമുപയോഗിച്ച് സിമന്റ് ചാന്ത് അടിച്ചു പിടിപ്പിച്ച ഗുണൈറ്റിങും 1979നു ശേഷവും ഹ്രസ്വകാല നടപടിയെന്ന നിലയില്‍ നടത്തി. പിന്നീട് കേബിള്‍ ആങ്കറിങും ഗ്രൗട്ട് നിറയ്ക്കലും, പുറംഭിത്തിയില്‍ ജലനിരപ്പ് കുറയുന്ന അവസരത്തില്‍ സിമന്റ് പ്ലാസ്റ്ററിങും തുടര്‍ന്നുവരുന്നു. ദീര്‍ഘകാല പദ്ധതിയെന്ന നിലയില്‍ നടപ്പാക്കിയ കോണ്‍ക്രീറ്റ് താങ്ങിനെ ഒരു ഭൂകമ്പത്തിനും ഉലയ്ക്കാനാവില്ലെന്നാണ് അബ്ബാസിനെ പോലുള്ളവര്‍ വാദിക്കുന്നത്. ഇവ തെറ്റാണെന്ന് തെളിയിച്ചു വേണം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനു ശാശ്വതമായ പരിഹാരം കണ്ടെത്താന്‍.

(തുടരും)

3.നിലപാടുകളിലെ മലക്കം മറിച്ചിലുകള്‍ക്ക് പിന്നില്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കാലങ്ങളായി കേരളം സ്വീകരിച്ചുവരുന്ന നിലപാടുകളില്‍ കോടതികളിലും പുറത്തും ഉത്തരവാദപ്പെട്ടവര്‍ മലക്കംമറിയുന്ന കാഴ്ചയാണ് ദുരൂഹം. 2007ല്‍ അണക്കെട്ടിന്റെ ദുരവസ്ഥ തുറന്നുകാട്ടുന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ച മുല്ലപ്പെരിയാര്‍ സെല്‍ തലവന്‍ എം കെ പരമേശ്വരന്‍നായര്‍ ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ തന്റെ മുന്‍ നിലപാട് തിരുത്തി.

അണക്കെട്ടിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ കേരളം പ്രളയജലത്തില്‍ മുങ്ങിപ്പോവുന്ന ഭീകരാവസ്ഥ സംജാതമാവുമെന്നാണ് അദേഹം മുമ്പ് വ്യക്തമാക്കിയത്. വള്ളക്കടവ് മുതല്‍ ഉപ്പുതറവരെയുള്ള പ്രദേശങ്ങളിലെ ദുരന്തസ്ഥിതി മറച്ചുപിടിച്ചാണ് അണക്കെട്ട് തകര്‍ന്നാല്‍ ഇടുക്കി താങ്ങിക്കൊള്ളുമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദത്തെ ഖണ്ഡിക്കുന്നതാണ് കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയര്‍ എം ശശിധരന്റെ വാക്കുകള്‍. കുത്തിയൊലിച്ചെത്തുന്ന മഹാജലപ്രവാഹത്തെ തടയുന്ന തരത്തിലല്ല ഇടുക്കി ആര്‍ച്ച് ഡാമും ചെറുതോണി, കുളമാവ് അണക്കെട്ടുകളും നിര്‍മിച്ചിരിക്കുന്നത്. ഭൂചലനത്തെയും മെല്ലെ ഒഴുകിയെത്തുന്ന വെള്ളത്തെയും തടഞ്ഞുനിര്‍ത്താനാവുന്ന തരത്തിലാണു നിര്‍മാണം. ഇനി ഇടുക്കി അണക്കെട്ട് മുല്ലപ്പെരിയാറിലെ വെള്ളത്തെയും അവശിഷ്ടങ്ങളെയും തടഞ്ഞുനിര്‍ത്തിയെന്നുതന്നെ വയ്ക്കുക. എന്നാലും കരിങ്കല്ലില്‍ പണിതുയര്‍ത്തിയിട്ടുള്ള കുളമാവ് ഡാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുമെന്ന് ശശിധരന്‍ പറയുന്നു.

ഇടുക്കിയില്‍ വെള്ളം താഴ്ത്തിനിര്‍ത്തിയാല്‍ പോലും ഇതു തന്നെയാവും ദുരവസ്ഥ. വെള്ളമില്ലാതെ ആര്‍ച്ച് ഡാം നില നിന്നിട്ടു പിന്നെന്തുകാര്യം. മുല്ലപ്പെരിയാറും ഇടുക്കിയും ഉള്‍പ്പെടെ ഒരു ഡസനിലേറെ അണക്കെട്ടുകളുള്ള ജില്ലയില്‍ ഇതുവരെ ഡാം ബ്രേക്കിങ് അനാലിസിസ് നടത്താനായിട്ടില്ലഓരോ ദിവസവും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്ന മന്ത്രിമാരും ജനനേതാക്കളും.

മുല്ലപ്പെരിയാറിന്റെ പേരില്‍ കണ്ണീര്‍ വാര്‍ത്ത ജലവിഭവ മന്ത്രി പി ജെ ജോസഫ് പോലും ഓരോ ദിവസവും വ്യത്യസ്ത രീതിയിലാണ് സംസാരിക്കുന്നത്. മുല്ലപ്പെരിയാറിന്റെ സമൃദ്ധിയില്‍ തഴച്ചുവളര്‍ന്ന തേനി ജില്ലയിലെ ഏക്കര്‍ കണക്കിന് മുന്തിരിപ്പാടങ്ങളും തെങ്ങിന്‍തോപ്പുകളും കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെയും ബന്ധുക്കളുടേതുമായതിനാലാണോ ജനനേതാക്കളുടെ അടിക്കടിയുള്ള നിലപാട് മാറ്റങ്ങള്‍. തേനി ജില്ലയിലെ ഉള്‍ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാല്‍ മലയാളി ചേട്ടന്‍മാരുടെ ഫാം ഹൗസുകളും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങളും കാട്ടിത്തരും.

അതുകൊണ്ടുതന്നെയാണ് അഞ്ചു ജില്ലകളിലെ ജനങ്ങള്‍ നേരിടുന്ന ദുരന്തഭീതിയെ ഉള്‍ക്കൊള്ളാന്‍ ജനനേതാക്കള്‍ക്കു കഴിയാത്തതും. തേനിയില്‍ മലയാളികള്‍ സമ്പാദിച്ചുകൂട്ടിയ ഭൂസ്വത്തുക്കളുടെ കണക്കെടുപ്പ് സംസ്ഥാനത്തെ പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. കോണ്‍ഗ്രസ്‌കേരളകോണ്‍ഗ്രസ് പോര് താഴ്്‌വരയില്‍ ഒന്നിച്ചൊരു പ്രക്ഷോഭമുയര്‍ത്താനുള്ള കെല്‍പ്പ് യു.ഡി.എഫിന് ഇല്ലാതാക്കി. കേരള കോണ്‍ഗ്രസ്സിന്റെ മുന്നേറ്റം യൂത്ത് കോണ്‍ഗ്രസ്സിനെ ഉപയോഗിച്ച് അതിര്‍ത്തിയില്‍ തമിഴ് മലയാളി സംഘത്തിന്റെ വിത്തു പാകാനാണ് നേതാക്കളെ പ്രേരിപ്പിച്ചത്.

ഒരുമുഴം മുമ്പേ നീട്ടിയെറിഞ്ഞ് മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ കേരള കോണ്‍ഗ്രസ് എത്തിയപ്പോള്‍ കോണ്‍ഗ്രസ് പകച്ചു. ചപ്പാത്തിലെ പ്രക്ഷോഭപ്പന്തല്‍ വിട്ട് വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ്സ് അഭയം തേടി. സി.പി.ഐ ചപ്പാത്തിലെ സമരത്തില്‍ പങ്കുചേര്‍ന്നതോടെ സി.പി.എം വണ്ടിപ്പെരിയാറില്‍ സമരമുഖം തുറക്കുകയായിരുന്നു.

(നാളെ: മരണം മലമുകളില്‍)
4. മരണം മലമുകളില്‍; ജനം ഭീതിയില്‍
ഏതുനിമിഷവും മരണംവിതയ്ക്കാന്‍ കാത്തുനില്‍ക്കുന്ന അണയ്ക്കു കീഴെ പച്ചപ്പട്ട് പുതച്ച മലകളുടെ നടുവില്‍ മനോഹാരിത തുളുമ്പുന്ന വള്ളക്കടവ് ഗ്രാമം. ഇവിടെ ഉയര്‍ന്ന സമരപ്പന്തലിലേക്ക് പക്ഷേ, രാഷ്ട്രീയകക്ഷികളുടെ നേതാക്കളാരും കടന്നുവരുന്നില്ല. ലൈവ് സംപ്രേഷണവും മാധ്യമപ്പടയുടെ എത്തി നോട്ടവുമില്ല. വള്ളക്കടവിന്റെ ഹൃദയവികാരം തൊട്ടറിയാന്‍ ആരുമില്ല. മുല്ലപ്പെരിയാറില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ അകലം മാത്രമുള്ള വള്ളക്കടവില്‍ നിന്നാല്‍ അണക്കെട്ടെങ്ങാനും പൊട്ടിയെങ്കിലോ എന്ന ഭീതിമൂലമാണ് ഇവര്‍ വരാന്‍ മടിക്കുന്നതെന്ന് സമരസമിതി നേതാവ് കെ കെ തങ്കച്ചന്‍ പറയുന്നു. ഇവിടെ പെരിയാറിന്റെ തീരത്തോട് തൊട്ടുരുമ്മിനില്‍ക്കുന്ന നിരവധി വീടുകളാണുള്ളത്. ഈ ഭവനങ്ങളില്‍ കഴിയുന്നത് ഉറക്കവും സമാധാനവും ജീവിതവും നഷ്ടമായവരാണെന്ന് കേരളം അറിയുന്നത് മുല്ലപ്പെരിയാര്‍ നിറഞ്ഞ് പരിധിവിടുമ്പോള്‍ മാത്രമാണ്.

ഡെയ്‌സി ഭവനില്‍ അരുള്‍മണിപുഷ്പ ദമ്പതികളുടെ ഉറക്കം നഷ്ടമായിട്ട് വര്‍ഷങ്ങള്‍ പലതുകടന്നു. ജലനിരപ്പ് അണക്കെട്ടില്‍ കുറഞ്ഞാല്‍പ്പോലും ഇവര്‍ക്കു പേടിയില്ലാതെ ഉറങ്ങാനാവില്ല. പെരിയാറില്‍ നിന്ന് വെറും അഞ്ചടി ഉയരത്തില്‍ മാത്രമാണ് ഇവരുടെ വീട്. തുടരെത്തുടരെ ഭൂചലനങ്ങള്‍ വന്നതോടെ അരുള്‍മണിയുടെയും കുടുംബത്തിന്റെയും ഉറക്കം പൂര്‍ണമായും നഷ്ടമായി. പ്ലസ്ടുവിന് പഠിക്കുന്ന മൂത്തമകള്‍ ഡെയ്‌സി റാണിയും എട്ടാംക്ലാസ് വിദ്യാര്‍ഥി ഡിയോളമേരിയും മകന്‍ പീറ്റര്‍ മൈക്കിളും സ്‌കൂളില്‍ പോയിട്ട് ആഴ്ചകളായി. ജീവന്‍ കവരാനെത്തുന്ന അണക്കെട്ടിലെ ജലപ്രവാഹത്തെ കാത്തിരിപ്പാണിവര്‍. ഒഴുകിയെത്തുന്ന വെള്ളം അപ്പയെയും അമ്മയെയും കൊണ്ടുപോവില്ലേ. മരിക്കുകയാണെങ്കില്‍ ഒന്നിച്ചുതന്നെ ആവാം. ഇത് ഈ കുട്ടികളുടെ മാത്രം വാക്കുകളല്ല. വള്ളക്കടവ് മുതല്‍ ഉപ്പുതറവരെ പെരിയാര്‍ തീരത്ത് ജീവിക്കുന്നവരുടെ വാക്കുകളിലെല്ലാം മരണഭീതിയുണ്ട്. ഇതിനിടെയാണ് 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. മന്ത്രി പ്രഖ്യാപനവും നടത്തി. പക്ഷേ, ഈ തീരം വിട്ട് എങ്ങോട്ടുമില്ലെന്ന നിലപാടിലാണ് ഓരോ കുടുംബവും. ജനിച്ചുവീണ മണ്ണില്‍ നിന്നു വേരോടെ പിഴുതെറിയാനുള്ള ഭരണകൂടനീക്കത്തിന്റെ ഭാഗമായാണ് ഈ പുനരധിവാസത്തെ ഇവര്‍ കാണുന്നത്. പുതിയ അണക്കെട്ട് വേണമെന്ന താഴ്‌വരയുടെ ആവശ്യത്തില്‍ നിന്ന് ഒളിച്ചോടാനാണു സര്‍ക്കാരിന്റെ പുനരധിവാസപ്രഖ്യാപനമെന്ന് ഇവര്‍ വിശ്വസിക്കുന്നു. വള്ളക്കടവ് മുതല്‍ ചപ്പാത്ത് പാലം വരെ 90 കുടുംബങ്ങള്‍ പെരിയാറിന്റെ തീരത്തായി താമസിക്കുന്നുണ്ട്. അഞ്ചും പത്തും സെന്റ് ഭൂമിയില്‍ വീടു വച്ച് താമസിക്കുന്ന സാധാരണക്കാര്‍. ഒരുദിവസം അടുപ്പില്‍ തീപുകയണമെങ്കില്‍ കൂലിവേല ചെയ്യേണ്ടവരാണു ഭൂരിപക്ഷവും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്കു മുകളിലേക്ക് ഉയര്‍ന്നുതുടങ്ങിയാല്‍ ഭാര്യയെയും മക്കളെയും പ്രായമായ മാതാപിതാക്കളെയും തനിച്ചാക്കി ജോലിക്കുപോവാനാവാതെ ഗൃഹനാഥന്‍മാര്‍ വീട്ടില്‍ തന്നെയാണ്. മുല്ലപ്പെരിയാര്‍ ദുരന്തഭീതിമൂലം കാഞ്ഞിരപ്പള്ളിയില്‍ കെട്ടിടംപണി ചെയ്തിരുന്ന കുരിശുമൂട് സ്വദേശി മൂലയില്‍ മണി ജോലി ഉപക്ഷേിച്ചു നാട്ടില്‍ മടങ്ങിയെത്തി. തുടരെത്തുടരെ ഉണ്ടായ ഭൂചലനമാണ് ജോലി ഉപേക്ഷിച്ചു നാട്ടിലെത്താന്‍ മണിയെ പ്രേരിപ്പിച്ചത്. വേറെയും നിരവധിപേര്‍ മുല്ലപ്പെരിയാര്‍ താഴ്‌വരയില്‍ മടങ്ങിയെത്തിയിട്ടുണ്ട്.

ഗള്‍ഫില്‍ പോയ പലരും മടങ്ങിവരാനുള്ള ഒരുക്കത്തിലാണ്. അവധിക്കായി നാട്ടിലെത്തിയ ചിലര്‍ തിരികെ പോവാന്‍ മടിച്ചുനില്‍ക്കുകയാണ്. കുട്ടികളുടെ സ്ഥിതിയാണ് ഏറെ പരിതാപകരം. വീടു വിട്ടിറങ്ങാന്‍ മടി. സ്‌കൂളിലെത്തിയാല്‍ തന്നെ ഇടയ്ക്കിടെ പേടിച്ചുകരയുന്നു. എല്‍.പി വിഭാഗം കുട്ടികളിലാണു ഭീതി കൂടുതലുള്ളതെന്ന് വഞ്ചിവയല്‍ ട്രൈബല്‍ സ്‌കൂളിലെ അധ്യാപകന്‍ അജി വര്‍ഗീസ് പറയുന്നു. കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍. 2006ല്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് കുട്ടികള്‍ ബോധംകെട്ടുവീണിരുന്നു. ഭയത്തിന്റെ മുള്‍മുനയില്‍ കഴിഞ്ഞ കുട്ടികളെ കൗണ്‍സലിങിലൂടെയാണ് ജീവിതത്തിലേക്കും പഠനത്തിന്റെ ലോകത്തേക്കും മടക്കിക്കൊണ്ടുവന്നത്. അണക്കെട്ട് തകരില്ലെന്ന് ബോധ്യപ്പെടുത്താന്‍ ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റി കുട്ടികളെ മുല്ലപ്പെരിയാര്‍ ഡാം കൊണ്ടുപോയി കാണിച്ചിരുന്നു.

താഴ്‌വരയുടെ രോദനത്തിന് ഇത്തവണയെങ്കിലും ഫലംകണ്ടേ മതിയാവൂ. സര്‍ക്കാരിന്റെ താല്‍ക്കാലിക നടപടികള്‍ ഭയപ്പാടിന് അറുതിവരുത്തില്ലെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍ ചെയ്ത് സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം നല്‍കുക. അതിനായി മരണംവരെ സമരത്തില്‍ നിന്നു പിന്നോട്ടില്ല. ഉപ്പുതറ മുതല്‍ വള്ളക്കടവ് വരെ മുഴങ്ങുന്നത് ഈ മുദ്രാവാക്യമാണ്. ഈ അതിജീവനപ്രക്ഷോഭത്തിന് കേരള മനസ്സാക്ഷി കാതോര്‍ത്തുവെന്നതിന്റെ തെളിവാണ് സമരപ്പന്തലുകളിലേക്ക് ഒഴുകിയെത്തുന്നവരുടെ തിക്കുംതിരക്കും.

(അവസാനിക്കുന്നില്ല.)
5 വൈഗയില്‍ പച്ചപ്പ് വിരിഞ്ഞു; മലനാട്ടില്‍ ദുരന്തഭീതി ചിറകുവിടര്‍ത്തി

വൈഗാ മഴനിഴല്‍ പ്രദേശത്തെ ഇന്നു കാണുന്ന ഹരിതഭൂമിയാക്കി മാറ്റാന്‍ 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ശ്രമം വിജയംകണ്ടതാണ് ഇന്നത്തെ പ്രശ്‌നങ്ങളുടെയെല്ലാം കാതല്‍. പശ്ചിമഘട്ടം കനിഞ്ഞു നല്‍കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ അനുഗ്രഹത്താല്‍ ഒഴുകുന്ന പെരിയാറിനെ പിടിച്ചുകെട്ടി കിഴക്കോട്ട് തിരിച്ചൊഴുക്കിയാല്‍ ഊഷരഭൂമിയായ വൈഗ പ്രദേശത്ത് പച്ചവിരിക്കാമെന്ന അതിമോഹത്തില്‍ നിന്നാണ് മുല്ലപ്പെരിയാര്‍ ഉദിച്ചത്.

കനത്ത ക്ഷാമവും വരള്‍ച്ചയും വൈഗ പ്രദേശത്തെ ജനങ്ങളെ അലട്ടിക്കൊണ്ടിരുന്നു. കൃഷിക്കായി ജലം സംഭരിക്കാനുള്ള ചെറുസംഭരണികള്‍ ഉണങ്ങുന്നതോടെ നാട്ടുകാര്‍ കന്നുകാലികളുമായി ആഹാരവും വെള്ളവും തേടി അയല്‍ ജില്ലകളിലേക്കു പ്രയാണമാരംഭിക്കും. മദിരാശിയുടെ അതിര്‍ത്തിയില്‍ തിരുവിതാംകൂറിലൂടെ ഒഴുകുന്ന പെരിയാര്‍ ജലസമ്പത്ത് വൈഗ പ്രദേശത്തെ പ്രശ്‌നങ്ങള്‍ക്ക് ഐന്നന്നേക്കും പരിഹാരമാവുമെന്ന ബ്രിട്ടീഷ് ചിന്ത 1895ല്‍ മുല്ലപ്പെരിയാര്‍ ഡാം പണിയുന്നതില്‍ എത്തിച്ചേര്‍ന്നു. ആദ്യം ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആവശ്യത്തിനു മുന്നില്‍ വഴങ്ങാതെനിന്ന തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍ 1886 ഒക്‌ടോബര്‍ 25ന് പെരിയാര്‍ പാട്ടക്കരാറിന് തുല്ല്യംചാര്‍ത്തിനല്‍കി. അവിടുന്നങ്ങോട്ട് പെരിയാറിന്റെ തെളിനീര്‍ തെക്കന്‍ തമിഴ്‌നാട്ടിലെ തേനി, ഡിണ്ടികല്‍, മധുര, രാമനാഥപുരം, ശിവഗംഗ ജില്ലകളില്‍ പച്ചത്തുരുത്തുകള്‍ വിരിയിച്ചു. വര്‍ഷങ്ങക്കുശേഷം അണക്കെട്ടിന്റെ തകര്‍ച്ച കേരളത്തിനു മാത്രമല്ല തമിഴ്‌നാടിനും ദുരന്തം വിതയ്ക്കും. 19ാം നൂറ്റാണ്ടിലേക്കുള്ള തിരിച്ചുപോക്കായിരിക്കുമിത്. തേനിയും മധുരയും ഡിണ്ടികലും രാമനാഥപുരവും ശിവഗംഗയും വീണ്ടും മരുഭൂമിയായി മാറും. കുടിനീരിനായി അവര്‍ പലായനം നടത്തേണ്ടിവരും. ഈ സത്യം തമിഴകത്തെ ബോധ്യപ്പെടുത്താന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല. വെള്ളം തരാം; പകരം പുതിയ അണക്കെട്ട് പണിയാന്‍ സമ്മതിക്കൂ. എന്ന ആവശ്യം തുടര്‍ച്ചയായി മുഴങ്ങിയിട്ടും ജീവജലം നല്‍കി ഊഷരഭൂമി പച്ചപ്പാക്കി മാറ്റിയ കേരളീയനോട് തമിഴ് ഭരണാധികാരികള്‍ മുഖംതിരിക്കുകയാണ്. മിഴ്‌നാട് ഭരിച്ച കക്ഷികള്‍ പ്രശ്‌നം കോടതികളില്‍ കെട്ടിയിട്ട് താഴ്‌വരയുടെ നിലവിളി കാണാതെപോവുകയാണ്.

1970ല്‍ കേരളാമുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്‍ മൂല്യം കൂട്ടിനല്‍കിയ കരാറിന്റെ പിന്‍ബലവും അതിന് അകമ്പടിനല്‍കുന്നു. ഇച്ഛാശക്തി നഷ്ടമായ ദേശീയപാര്‍ട്ടികള്‍ ദ്രാവിഡ കക്ഷികള്‍ക്കു മുമ്പില്‍ മുട്ടുവിറച്ചു നില്‍ക്കുന്നു. ഉന്നതാധികാരസമിതി വിദഗ്ധ സമിതികളെക്കൊണ്ട് അണക്കെട്ടിന്റെ ബലക്ഷയം പഠിച്ചിട്ടുണ്ട്. അവിടെയും മുമ്പെന്നപോലെ വിദഗ്ധരെ സ്വന്തം ചെലവിലെത്തിച്ച് സുഖസൗകര്യങ്ങളൊരുക്കി തമിഴ്‌നാട് കാര്യനേട്ടത്തിന് ഉപയോഗിച്ചുവെന്നത് ഏവര്‍ക്കും അറിയാവുന്ന സത്യം. നമ്മുടെ ഉദ്യോഗസ്ഥര്‍ നോക്കുകുത്തികള്‍ മാത്രമായി. തങ്ങളെ അറിയിച്ചില്ല, വിളിച്ചില്ല, കണ്ടില്ല എന്ന നിലപാടില്‍ മുറുമുറുപ്പുമായി നടന്നതല്ലാതെ കാര്യമായ ഇടപെടലുകള്‍ അവര്‍ക്ക് നടത്താനായില്ല. ഉന്നതാധികാരസമിതി ജനുവരിയില്‍ റിപോര്‍ട്ട് സുപ്രിംകോടതിക്ക് സമര്‍പ്പിക്കുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നീട് പരമോന്നത കോടതിയുടെ വിധി വരുന്നതുവരെ അണക്കെട്ടിന് എന്തുസംഭവിക്കുമെന്ന് അറിയില്ല. നാലു ജില്ലകളിലെ 35 ലക്ഷം പേര്‍ക്ക് ദുരന്തവിധി വന്നേക്കാം. 999 വര്‍ഷത്തേക്കു തുല്ല്യം ചാര്‍ത്തിക്കിട്ടിയ കരാറനുസരിച്ച് 883 വര്‍ഷം കൂടി അണക്കെട്ട് നിലനില്‍ക്കുമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് തമിഴ്‌നാട്. പക്ഷേ അണക്കെട്ട് ഇത്രയും കാലം നിലനില്‍ക്കുമെന്ന് ആരും ഉറപ്പിച്ചുപറയുന്നില്ല. 99 വര്‍ഷത്തേക്കായിരുന്നു യദാര്‍ഥത്തില്‍ മുല്ലപ്പെരിയാറെന്നും ഒരു ഒമ്പതുകൂടി സൂത്രത്തില്‍ എഴുതിച്ചേര്‍ത്തതാണെന്നു മറ്റൊരു വാദവുമുണ്ട്.

രാജ്യം സ്വാതന്ത്ര്യമാവുന്നതിന് മുമ്പ് 1947 ജൂലൈ 21ന് ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു നാട്ടുരാജ്യങ്ങളുടെ ലയനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ യോഗംവിളിച്ചിരുന്നു. തിരുവിതാംകൂറിന്റെ പ്രതിനിധിയായി എത്തിയ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ പ്രധാനമായും ഉന്നയിച്ചത് മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കണമെന്നായിരുന്നു. തമിഴ്‌നാട്ടുകാരനായ സര്‍ സി പിയുടെ വാദത്തോട് മൗണ്ട്ബാറ്റണ്‍ പോലും യോജിച്ചു. 999 വര്‍ഷത്തെ വിചിത്ര കരാര്‍ പുനപ്പരിശോധിക്കാമെന്ന ഉറപ്പും നല്‍കി. പക്ഷേ, തിരിച്ചെത്തിയ സി പി വെട്ടേറ്റ് മുറിമൂക്കനായി മലയാളനാടിനോട് വിടപറഞ്ഞു. മുല്ലപ്പെരിയാര്‍ പക്ഷേ, ഇന്നും പേടിപ്പിച്ചുകൊണ്ട് സഹ്യസാനുവില്‍ നിലകൊള്ളുന്നു.
(അവസാനിക്കുന്നില്ല)
6 പുതിയ അണക്കെട്ട്; ആവശ്യത്തിനു പിന്നില്‍ രാഷ്ട്രീയതന്ത്രങ്ങള്‍

മുല്ലപ്പെരിയാറിന്റെ പിറവിക്കു മുമ്പേ 1893 മുതല്‍ വൈദ്യുതിക്കുള്ള ആസൂത്രണം തമിഴ്‌നാട് ആരംഭിച്ചിരുന്നു. 1909ല്‍ വ്യവസായവകുപ്പ് മേധാവിയായ എ ചാറ്റര്‍ടണ്‍ ഇതിനു രൂപംനല്‍കി. മദിരാശി സര്‍ക്കാരിന്റെ ആവശ്യത്തിനു വഴങ്ങാതെ വന്നതോടെ പ്രശ്‌നം മധ്യസ്ഥതയ്ക്കു വിട്ടു.

മദിരാശി ഹൈക്കോടതി ജഡ്ജിയായിരുന്ന ഡേവിഡ് ദേവദാസും തിരുവിതാംകൂര്‍ മുന്‍ ദിവാന്‍ വി എസ് സുബ്രഹ്്മണ്യഅയ്യരുമായിരുന്നു മധ്യസ്ഥര്‍. സര്‍ നളിനിരഞ്ജന്‍ ചാറ്റര്‍ജിയായിരുന്നു അമ്പയര്‍. മദിരാശി സര്‍ക്കാര്‍ നടത്തുന്ന നീക്കം നിയമവിരുദ്ധമാണെന്ന് 1941 മെയില്‍ അമ്പയര്‍ വിധിച്ചു. വെള്ളക്കാരന്റെ കാലത്തും ഇക്കാലത്തും തമിഴകം ഭരിച്ചവര്‍ക്ക് ഒരേ മനസ്സു തന്നെയാണ്. കോടതിവിധികളും കരാര്‍വ്യവസ്ഥയും മാനിക്കാനുള്ള വിമുഖത. അവര്‍ വൈദ്യുതിനിലയം സ്ഥാപിക്കാനുള്ള നീക്കം ശക്തമാക്കി. തുരങ്കത്തിന്റെ വിസ്തീര്‍ണവും ഫോര്‍ബേ അണക്കെട്ടും സര്‍ജര്‍ഷാഫ്റ്റും പെന്‍സ്‌റ്റോക്ക് പൈപ്പുകളും വൈദ്യുതിനിലയവും തിരക്കിട്ടു സ്ഥാപിച്ചു. ഇപ്പോള്‍ നിലയത്തിന്റെ ശേഷി വര്‍ധിപ്പിക്കാനും ഒരു ഡസനിലേറെ വൈദ്യുതിനിലയങ്ങള്‍ പടുത്തുയര്‍ത്താനും കോടികള്‍ ചെലവഴിക്കുന്നു.

രാജ്യം സ്വതന്ത്രമായതിനു ശേഷം 195865 വരെയുള്ള കാലത്ത് 35 മെഗാവാട്ട് ശേഷിയുള്ള നാല് ജനറേറ്ററുകള്‍ സ്ഥാപിച്ച് പ്രതിവര്‍ഷം 500 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. പച്ചയായ ഈ കരാര്‍ലംഘനത്തെ നിയമപരമായി നേരിടാതെയാണ് 1970 മെയ് 29ന് പുതിയ കരാര്‍ ഉണ്ടാക്കി മുഖ്യമന്ത്രി അച്യുതമേനോന്‍ തമിഴ്‌നാടിന് ഒപ്പിട്ടുനല്‍കിയത്. 1964ല്‍ മുല്ലപ്പെരിയാറില്‍ ചോര്‍ച്ച കണ്ടെത്തി. കേരളത്തിനുണ്ടായ നേട്ടം എക്കറൊന്നിന് അഞ്ചുരൂപയായിരുന്ന പാട്ടത്തുക 30 രൂപയായി വര്‍ധിച്ചുവെന്നതു മാത്രം. പ്രതിവര്‍ഷം 8100 ഏക്കര്‍ ഭൂമിയുടെ പാട്ടമായി 2.43 ലക്ഷവും വൈദ്യുതി ഉല്‍പ്പാദനത്തിന്റെ പേരില്‍ 7.87 ലക്ഷവുമാണു ലഭിക്കുന്നത്. തമിഴ്‌നാടാവട്ടെ 1,200 കോടിയിലേറെയാണു നേടുന്നത്. പുതിയ കരാറും പുതിയ ഡാമും വന്നാല്‍ പ്രതിവര്‍ഷം കേരളത്തിന് 500 കോടിയിലേറെ വരുമാനം ലഭിക്കും. നിലവിലെ കരാര്‍പ്രകാരം 1895 മുതല്‍ 2006 വരെ കേരളം തമിഴ്‌നാടിന് നല്‍കിയ വെള്ളത്തിന്റെ മൂല്യം 77,000 കോടിയാണെന്ന് മഹാത്മാഗാന്ധി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് സയന്‍സ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗം തയ്യാറാക്കിയ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭൂകമ്പസാധ്യതയുള്ള മേഖലയില്‍ പുതിയൊരു അണക്കെട്ട് പ്രശ്‌നപരിഹാരമാവുമോ. പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്റേതാണ് ചോദ്യം. പുതിയ ഡാം ഒരിക്കലും പ്രശ്‌നപരിഹാരമല്ല. അടിയന്തരമായി ജലനിരപ്പ് 120 അടിയിലേക്കു താഴ്ത്തണം. മുല്ലപ്പെരിയാറില്‍ പുതിയ ഡാമും പുതിയ കരാറുമെന്ന ആവശ്യം ഉന്നയിച്ച് 2006 ഡിസംബര്‍ 25ന് ചപ്പാത്തില്‍ സമരം ആരംഭിച്ചു. പിന്നെ രാഷ്ട്രീയക്കാര്‍ ഈ സമരത്തെ റാഞ്ചി. പുതിയ അണക്കെട്ടിന്റെ പേരില്‍ ഇല്ലാത്ത പ്രശ്‌നമാണ് ഇപ്പോള്‍ ഉയരുന്നത്. അതുസംബന്ധിച്ച് ഒരു പഠനവും നടന്നിട്ടില്ല. പുതിയ ഡാമിനായി രാഷ്ട്രീയ തീരുമാനങ്ങളും പരിസ്ഥിതി അനുമതിയും കിട്ടുന്നതുവരെ നിലവിലെ അണക്കെട്ട് നിലനില്‍ക്കുമെന്ന് ഉറപ്പില്ല. ഭൂകമ്പമേഖലയില്‍ നിലനില്‍ക്കുന്ന ഒരു അണക്കെട്ടും സുരക്ഷിതമല്ല.

ജലനിരപ്പ് 142 അടി ഉയര്‍ത്തിയാല്‍ 11 ഹെക്റ്റര്‍ വനപ്രദേശം തകരും. പെരിയാര്‍ കടുവസങ്കേതത്തിലെ 50 ഹെക്റ്റര്‍ വനപ്രദേശം പുതിയ അണക്കെട്ടിന്റെ പേരില്‍ നശിപ്പിക്കേണ്ടിവരും. 136 അടിക്കു മുകളില്‍ ജലനിരപ്പുയര്‍ത്താന്‍ കോടതിവിധി ഉണ്ടായാലും കേരളം സമ്മതിക്കില്ലെന്ന് തമിഴ്‌നാടിനറിയാം. മുല്ലപ്പെരിയാറിലെ അണക്കെട്ട് തമിഴ്‌നാട് പണിയട്ടെയെന്നു പറയിക്കാന്‍ തയ്യാറാക്കിയ പദ്ധതിയാണ് രാഷ്ട്രീയകക്ഷികള്‍ നടത്തുന്നതെന്ന് സി ആര്‍ നീലകണ്ഠന്‍ പറയുന്നു. പിറവം ഉപതിരഞ്ഞെടുപ്പും പുതിയ ഡാം നിര്‍മാണത്തില്‍ ലഭിക്കാന്‍പോവുന്ന സാമ്പത്തികനേട്ടവും രാഷ്ട്രീയക്കാരെ ആകര്‍ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(അവസാനിക്കുന്നില്ല)
7 അണ തകരുമെന്ന് കേരളം; ഇല്ലെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ തകരുമെന്ന് കേരളം. ഇല്ലെന്ന് തമിഴ്‌നാട്. 193032 വര്‍ഷത്തില്‍ ഉയര്‍ന്ന തര്‍ക്കം ഇന്നും തുടരുന്നു. ഭരണകൂടങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയുടെ തെളിവ്.

1930 മുതല്‍ തമിഴ്‌നാട് അണക്കെട്ട് ബലപ്പെടുത്തല്‍ ജോലികള്‍ നടത്തിയിട്ടുണ്ടെന്നും അണക്കെട്ട് സുരക്ഷിതമാണെന്നും കാവേരി സെല്‍ അംഗവും തമിഴ്‌നാട്ടിലെ മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിക്കു നേതൃത്വംകൊടുക്കുന്ന ചീഫ് എന്‍ജിനീയറുമായ സി സുബ്രഹ്മണ്യം പറഞ്ഞു.

ഇതിന് ബലമേകാന്‍ നിരവധി കാരണങ്ങളാണ് അദ്ദേഹം ഉയര്‍ത്തുന്നത്. കേന്ദ്രജല കമ്മീഷന്‍ നിര്‍ദേശിച്ച പ്രകാരം മൂന്നു വിഭാഗങ്ങളിലായി തങ്ങള്‍ കോടികള്‍ ചെലവിട്ട് ബലപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ഒഴുകിപ്പോയ സുര്‍ക്കി മിശ്രിതത്തിനു പകരമായി ഡാമിന്റെ മുകളില്‍ ദ്വാരം സൃഷ്ടിച്ച് ഗ്രൗട്ട് ചെയ്ത് വിള്ളലുകള്‍ അടച്ചിട്ടുണ്ട്. ഇത്തരത്തില്‍ അടിവശത്തെ പാറവരെ ഗ്രൗട്ട് എത്തിക്കാന്‍ കഴിഞ്ഞെന്ന് അദ്ദേഹം പറയുന്നു.

അടിത്തട്ടിലെ പാറയില്‍ ദ്വാരങ്ങളുണ്ടാക്കി അവയിലൂടെ ബലമുള്ള കമ്പി നാട്ടി ഗ്രൗട്ട് ചെയ്ത് ഉറപ്പിച്ചിട്ടുണ്ട്. കമ്പികളുടെ മുകളറ്റം ബലത്തില്‍ വലിച്ച് ആങ്കര്‍ ചെയ്തിട്ടുണ്ട്. ദീര്‍ഘകാല നടപടിയെന്ന നിലയില്‍ ഡാമിന്റെ പിന്‍ഭാഗത്ത് കോണ്‍ക്രീറ്റ് താങ്ങ് നിര്‍മിച്ച് പിന്‍ഭാഗത്തെ ചരിവ് പരത്തി. 10, 40 അടികളിയായി രണ്ട് ഡ്രെയ്‌നേജ് ഗ്യാലറികള്‍ നിര്‍മിച്ചു. ഈ സപ്പോര്‍ട്ട് ഡാമിന്റെ ബലം മതി അണക്കെട്ട് തകരാതെ നില്‍ക്കാനെന്ന് സുബ്രഹ്മണ്യം വാദിക്കുന്നു.

ഇതുതന്നെയാണ് തമിഴ്‌നാട് സര്‍ക്കാരും പ്രദേശിക കക്ഷി നേതാക്കളും ഉരുവിടുന്നത്. തമിഴ്‌നാടിന്റെ ഈ വാദമുഖങ്ങളെ കണക്കുകളും തെളിവുകളും ഉന്നയിച്ചാണ് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍ നായര്‍ ഖണ്ഡിക്കുന്നത്. കേബിള്‍ ആങ്കറുകള്‍ വഴിയുള്ള ബലപ്പെടുത്തല്‍ കാലപ്പഴക്കം ചെന്ന ഭാരാശ്രിത അണക്കെട്ടില്‍ പ്രായോഗികമല്ല.

കോണ്‍ക്രീറ്റ് കവചത്തിനിടയില്‍ ഗ്രൗട്ട് ചെയ്ത് അടയ്ക്കാതെ നേരിയ വിടവ് തുറന്ന് കിടക്കുകയാണ്. ബലത്തിലും സ്വഭാവത്തിലും വിഭിന്നങ്ങളായ രണ്ടു നിര്‍മാണവസ്തുക്കള്‍ കൊണ്ട് മധ്യഭാഗത്ത് വിടവോടു കൂടി നിര്‍മിച്ച ഇപ്പോഴത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമായതല്ല. ഓരോ വര്‍ഷം ഓടിമറയുമ്പോഴും അണക്കെട്ടിന്റെ പുറംഭിത്തിയിലും ജലമുഖത്തും വിള്ളലുകള്‍ കൂടുതല്‍ രൂപപ്പെടുകയാണ്. ഇതിലൂടെ ചോര്‍ച്ചയുടെ അളവും. അടിത്തട്ടിലൂടെയുള്ള ചോര്‍ച്ചയുടെ ശക്തിയും വര്‍ധിച്ചിട്ടുണ്ടെന്ന് എം കെ പരമേശ്വരന്‍നായര്‍ പറയുന്നു. പക്ഷേ, തമിഴ്‌നാട് സുപ്രിംകോടതിയില്‍ നല്‍കിയ കേസില്‍ കേരളത്തിന്റെ വാദങ്ങളെയെല്ലാം നിഷ്പ്രഭമാക്കിയാണ് ജലനിരപ്പ് 142 അടിയും പിന്നീട് 152 അടിയും ഉയര്‍ത്താന്‍ അനുമതി നേടിയത്.

കേരളത്തിന്റെ പഠന റിപോര്‍ട്ടുകള്‍ ഒന്നുപോലും അംഗീകരിക്കാന്‍ തമിഴ്‌നാട് തയ്യാറായിട്ടില്ല. ഒടുവില്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ബി കെ മിത്തലിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ ശുപാര്‍ശയും അണക്കെട്ട് ബലമുള്ളതെന്നായിരുന്നു. ഒരു റിപോര്‍ട്ട് പോലും ഇതുവരെ അണക്കെട്ട് ബലക്ഷയമുള്ളതാണെന്നു തെളിയിക്കുന്നതരത്തില്‍ രൂപപ്പെട്ടിട്ടില്ല. ഇവിടെയാണു തമിഴ്‌നാടിന്റെ നയതന്ത്രജ്ഞതയും നമ്മുടെ പിടിപ്പുകേടും വെളിവാകുന്നത്.

മാര്‍ച്ച് അഞ്ചുമുതല്‍ 28 ഭൂചലനങ്ങള്‍ മുല്ലപ്പെരിയാര്‍ മേഖലയിലുണ്ടായതായാണ് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ കണ്ടെത്തല്‍. സര്‍ക്കാരിന് മുന്നിലേക്ക് വിശദമായ റിപോര്‍ട്ടുകള്‍ എത്തി. അണക്കെട്ടിനു ബലക്ഷയം സംഭവിച്ചിട്ടുണ്ട്. വിശദമായ പഠനം ആവശ്യമാണ്. ആറിനു മുകളില്‍ തീവ്രതയുള്ള ഭൂകമ്പത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു കാട്ടി ഭൗമശാസ്ത്ര പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. ജോണ്‍ മത്തായി സര്‍ക്കാരിന് റിപോര്‍ട്ട് കൈമാറി.

അദേഹം ഒരു കാര്യംകൂടി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടും വളകോടും ഉപ്പുതറയും അടക്കം ഭൂകമ്പസാധ്യത നിലനില്‍ക്കുന്നതിനാല്‍ ബഹുനിലക്കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കരുതെന്ന്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഇവിടെ പുതിയൊരു അണക്കെട്ട് നിര്‍മിക്കുന്നത് അഭികാമ്യമാവുമോ?.

തേക്കടിയിലെ ബോട്ട് സവാരി നടത്തുന്ന കേരളം സുരക്ഷയുടെ കാര്യത്തില്‍ കള്ളംപറയുകയാണെന്നു തമിഴ്‌നാട് പൊതുമരാമത്ത് മുന്‍ ചീഫ് എന്‍ജിനീയര്‍ വിജയകുമാര്‍ പറയുന്നു. ഇവിടെയാണ് ആരെയും വിശ്വസിപ്പിക്കാനാവാതെ കുറേ തെളിവുകളും സംശയകരമായ നിലപാടുകളുമായി സര്‍ക്കാരുകളും രാഷ്ട്രീയ നേതാക്കളും അണക്കെട്ട് തകരുമെന്ന വാദങ്ങള്‍ നിരത്തുന്നത്. രാജ്യാന്തര തലങ്ങളിലെ വിദഗ്ധരെ എത്തിച്ച് വിശദമായ പരിശോധന നടത്തട്ടെ. ഈ വിദഗ്ധ സമിതി കണ്ടെത്തട്ടെ മുല്ലപ്പെരിയാര്‍ സുരക്ഷിതമോ അല്ലയോ എന്ന്.

(അവസാനിച്ചു.)

2011 ഡിസംബർ 6, ചൊവ്വാഴ്ച

മരണ ഡാം

മരണ ഡാം


യു.എച്ച് സിദ്ദീഖ്

മണ്ണാലും കല്ലാലും
സുണ്ണാമ്പും കലൈവയുടന്‍
ഉരുവാണ അണൈക്കെട്ട്
ഇനിയും എവള് നാള്‍ വാഴുമെന
ജാതകം ഗണിപ്പതുക്ക്
വേണ്ടുമെന്റേ അരസിയലാക്കും
തലൈവര്‍കളും നീതിമന്‍ട്രകളും
ജ്യോല്‍സ്യര്‍കളോ !

(തമിഴ് കവി കെ. വാനമാമലൈ)


''ഇതിനൊരു പരിഹാരം കണേ്ട തീരൂ. ഇനിയും ഇങ്ങനെ പേടിച്ചു കഴിയാനാവില്ല.'' 2001 ഫെബ്രുവരി 25ന് തന്റെ ആറാം വയസ്സില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരം തേടി ചുട്ടുപൊള്ളുന്ന വെയിലില്‍ ടാര്‍ റോഡിലൂടെ വണ്ടിപ്പെരിയാര്‍ ടൗണില്‍ ശയനപ്രദക്ഷിണം നടത്തി താഴ്്‌വരയുടെ സമരത്തില്‍ പങ്കാളിയായ രേവതിയുടെ വാക്കുകള്‍ക്ക് ഇന്നു മൂര്‍ച്ചയേറുകയാണ്. ഇന്നവള്‍ക്കു 16 വയസ്സ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മൂന്നു കിലോമീറ്റര്‍ മാത്രം അകലെ താഴ്‌വാരത്ത് വള്ളക്കടവ് കുരിശുമൂട്ടില്‍ പെരിയാര്‍ നദിക്കരയിലെ വീട്ടില്‍ ഭയാശങ്കകളോടെയാണ് പ്ലസ്ടുവിദ്യാര്‍ഥിയായ രേവതിയും ആറാം ക്ലാസില്‍ പഠിക്കുന്ന സഹോദരി കാര്‍ത്തികയും കഴിയുന്നത്. അച്ഛനെയും അമ്മയെയും തനിച്ചാക്കി സ്‌കൂളില്‍ പോവാന്‍ ഇവര്‍ മടിക്കുകയാണ്. 2006ല്‍ ജലനിരപ്പ് ഉയര്‍ന്നുനിന്ന സമയത്ത് മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്ന് സഹപാഠികള്‍ പറഞ്ഞതു കേട്ട് രേവതി ബോധം കെട്ടു വീണു.
രേവതിയും കാര്‍ത്തികയും മുല്ലപ്പെരിയാര്‍ താഴ്‌വരയില്‍ ജീവിക്കുന്ന ആയിരക്കണക്കിന് കുരുന്നുകളുടെ പ്രതീകങ്ങള്‍ മാത്രമാണ്.

ആദ്യം ഒലിച്ചുപോവുന്നത് തമിഴ്കുടുംബം
2000ലാണ് സേവ് മുല്ലപ്പെരിയാര്‍വാലി ആക്ഷന്‍ കൗണ്‍സില്‍ പിറവിയെടുത്തത്. പിന്നീടങ്ങോട്ട് അതിജീവനത്തിനായി പ്രക്ഷോഭങ്ങളുടെ നിരവധി മുന്നേറ്റങ്ങള്‍ക്ക് ഈ സമിതി നേതൃത്വം കൊടുത്തു. ഒടുവില്‍ എങ്ങുമെത്താതെ ആ സമരങ്ങള്‍ അവസാനിക്കുകയായിരുന്നു. എന്നാല്‍, ഇത്തവണ അതുണ്ടാവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പുതിയ സമരസമിതി. മുല്ലപ്പെരിയാര്‍ ഡാം കേരളം ഉന്നയിക്കുന്നതു പോലെ അപകടത്തിലല്ല. സുരക്ഷിതമാണെന്ന വാദവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും തമിഴ്‌നാട്ടിലെ രാഷ്ട്ട്രീയഉദ്യോഗസ്ഥവൃന്ദങ്ങളും വാദിക്കുമ്പോഴും അണക്കെട്ട് തകര്‍ന്നാല്‍ ഒലിച്ചുപോവുന്നവരില്‍ ആദ്യത്തെ കുടുംബം തമിഴ്‌നാട്ടില്‍ നിന്നു കുടിയേറിയ രാമയ്യ-മരിയപുഷ്പം ദമ്പതികളാവാം.
പോസ്റ്റല്‍ വകുപ്പില്‍നിന്നു പെന്‍ഷനായ രാമയ്യയുടെ ഒരു മകനും മകളും തമിഴ്‌നാട്ടിലെ തിരുനല്‍വേലിയിലും രാജപാളയത്തുമാണു കഴിയുന്നത്. മറ്റൊരു മകള്‍ കരടിക്കുഴിയിലും. മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥ സംബന്ധിച്ച് പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ വീടു പൂട്ടി തമിഴ്‌നാട്ടിലേക്കു വരാന്‍ രാമയ്യയെ മക്കള്‍ നിര്‍ബന്ധിക്കുകയാണ്. പക്ഷേ, വര്‍ഷങ്ങളായി ജീവിച്ച നാടും നാട്ടാരെയും വിട്ടു പോവാന്‍ രാമയ്യക്കു മനസ്സില്ല. മരിക്കുകയാണെങ്കില്‍ ഈ നാട്ടുകാരോടൊത്ത് അത് ആവാം എന്നു രാമയ്യയും ഭാര്യയും തീരുമാനിച്ചു കഴിഞ്ഞു.

ജോലിയും വിവാഹവും മുടങ്ങുന്നു
'പേടിയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. പക്ഷേ, ഞങ്ങളുടെ ഭയപ്പാടും വികാരവും ജയലളിതയ്‌ക്കോ തമിഴ്‌വികാരം ഉയര്‍ത്തുന്ന വൈക്കോയ്‌ക്കോ അറിയില്ല' -മരിയപുഷ്പം പറയുന്നു. വംശീയപോരാട്ടം അരങ്ങു തകര്‍ത്ത ശ്രീലങ്കയില്‍ നിന്നു പലായനം ചെയ്ത് വള്ളക്കടവിലെ വനംവകുപ്പ് ചെക്ക്‌പോസ്റ്റിന് സമീപം കുടിയേറി പാര്‍ക്കുന്ന പൊന്‍നഗര്‍ കോളനിയിലെ മുരുകമ്മയ്ക്കും പറയാനുള്ളത് ഇതുതന്നെ. ഡാം പൊട്ടുമെന്ന വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയതോടെ കോളനിയിലെ പുരുഷന്‍മാര്‍ ആരും തന്നെ ജോലിക്കോ പുറത്തോ പോവാതെ വീടുകളില്‍ തന്നെ കഴിയുകയാണ്. മക്കളെയും ഭാര്യയെയും മാതാപിതാക്കളെയും തനിച്ചാക്കി പോവാന്‍ മനസ്സു വരുന്നില്ല. അതോടെ പല കുടുംബങ്ങളിലും തീ പുകയുന്നത് വല്ലപ്പോഴുമായി മാറി.
''ആര് അണൈ കെട്ട്ണാലും പെറവായില്ലൈ, പുതിയ അണൈ എപ്പോഴത് വരുമെന്ററ് കാത്തിരിക്ക മുടിയാത്. അണയൈ പൊളിച്ച് എങ്കള്‍ ഭയത്തൈ നിക്ക വേണ്ടും.'' മുരുകമ്മയുള്‍പ്പെടെയുള്ള കോളനി നിവാസികള്‍ക്ക് ആവശ്യപ്പെടാനുള്ളത് ഈ ഒറ്റ കാര്യം മാത്രമാണ്.
ഭയത്തിനു മുന്നില്‍ ഇവിടെ തമിഴനും മലയാളിയുമെന്ന വ്യത്യാസമില്ല. പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ വര്‍ഷങ്ങളെടുക്കും. അതു വരെ അണക്കെട്ടിലെ ജലനിരപ്പ് 110 അടിക്കു താഴെ നിര്‍ത്തുക. ഇതിനൊന്നും കഴിയില്ലെങ്കില്‍ ഡാം പൊളിച്ചു കളയണം- ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റി പ്രവര്‍ത്തകനും തീരദേശത്തെ താമസക്കാരനുമായ പി.എന്‍ സെബാസ്റ്റ്യന്‍ പറയുന്നു. ഇതു തന്നെയാണ് വള്ളക്കടവിലെ സമരസമിതി ചെയര്‍മാന്‍ കെ.കെ. തങ്കച്ചനും കണ്‍വീനര്‍ റെജിമാത്യുവിനും പറയാനുള്ളത്. ഉറക്കം നഷ്ടമായ തീരവാസികളുടെ ഭയപ്പാടില്ലാത്ത ജീവിതത്തിനായുള്ള സമരത്തില്‍ നിന്ന് ഇനി ഒരടി പിന്നോട്ടില്ലെന്ന് വണ്ടിപ്പെരിയാര്‍ പൗരസമിതിക്ക് നേതൃത്വം നല്‍കുന്ന ഹാജി നൗഷാദ് വാരിക്കാട്ട് ഉറപ്പിച്ചുകഴിഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്ന ആശങ്ക വര്‍ധിച്ചതോടെ താഴ്‌വരയില്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹങ്ങള്‍ പോലും മുടങ്ങുകയാണെന്ന് വള്ളക്കടവ് നിവാസിയും സമരത്തില്‍ സജീവമായി നില്‍ക്കുന്ന ഷാജി കുരിശുംമൂട് പറയുന്നു.

1804 ദിവസം പിന്നിട്ട് സമരം...
ഉപ്പുതറയ്ക്കു സമീപം കുട്ടിക്കാനം - കട്ടപ്പന സംസ്ഥാനപാതയ്ക്കരികില്‍ പെരിയാറിന്റെ തീരത്ത് 2006 ഡിസംബര്‍ 25ന് ഒരു സമരപ്പന്തലുയര്‍ന്നു- ഭയപ്പാടില്ലാതെ ജീവിക്കാന്‍ പുതിയ ഡാമെന്ന ആവശ്യവുമായി. മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷോഭത്തിന് ഇപ്പോള്‍ അഞ്ചാണ്ട് തികയുകയാണ്. പുതിയ ഡാം പണിതുയര്‍ത്തിയ ശേഷമേ സമരപ്പന്തല്‍ പൊളിക്കൂവെന്ന നിശ്ചയത്തിലാണ് സമരസമിതി നേതാക്കളായ പ്രഫ. സി.പി റോയിയും ഫാ. ജോയി നിരപ്പോലും സാബു വേങ്ങവേലിയും. എല്ലാ ദിവസവും സമരപ്പന്തലില്‍ ഉപവാസമിരിക്കാന്‍ ആളുകള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസങ്ങളില്‍ ഇടുക്കിയും മുല്ലപ്പെരിയാറും കുലുങ്ങി വിറച്ചതോടെ ജനങ്ങളുടെ ജീവനു സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നേതാക്കള്‍ അനിശ്ചിതകാല നിരാഹാരസമരത്തിലാണ്. ജനങ്ങളുടെ വികാരം ഏറ്റെടുത്ത് ജനപ്രതിനിധി ഇ.എസ് ബിജിമോള്‍ എം.എല്‍.എയും സമരപ്പന്തലില്‍ നിരാഹാര സമരത്തിലാണ്. 'ഞങ്ങള്‍ സമരം നടത്തുന്നത് ആരെയും തോല്‍പ്പിക്കാനല്ല. 35 ലക്ഷം ജനങ്ങളുടെ ജീവനു വേണ്ടിയുള്ള സമരമാണിത്. ലക്ഷ്യം കണേ്ട ഇത് അവസാനിക്കൂ'.
കാലഹരണപ്പെട്ട ഒരു കരാറിന്റെ പുറത്ത് ദുരന്തം ചുമക്കുകയാണ് നാമിന്ന്. 1872ലെ ഇന്ത്യന്‍ കോണ്‍ട്രാക്റ്റ് ആക്റ്റ്് അനുസരിച്ച് പെരിയാര്‍ പാട്ടക്കരാര്‍ ഒരു കരാര്‍ ഉടമ്പടിയേയല്ല. ഭീഷണിക്കു വഴങ്ങി ഒപ്പിട്ട രേഖ മാത്രമാണ്. താഴ്‌വരയുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം സി. അച്യുതമേനോനും അദ്ദേഹത്തിന്റെ മന്ത്രിസഭയുമാണെന്ന് ചരിത്രം ചികഞ്ഞാല്‍ മനസ്സിലാവും. 1970 മെയ് 29ന് അച്യുതമേനോന്‍ സര്‍ക്കാര്‍ തമിഴ്‌നാടുമായി ഒപ്പിട്ട കരാറിന്റെ ബലത്തിലാണ് തമിഴ്‌നാട് പിടിമുറുക്കുന്നത്. പക്ഷേ, ഇച്ഛാശക്തിയും നട്ടെല്ലുമുള്ള ഒരു സര്‍ക്കാര്‍ വിചാരിച്ചിരുന്നെങ്കില്‍ ഈ കരാര്‍ അപ്രസക്തമാവുമായിരുന്നു. 1956ലെ സംസ്ഥാന പുനസ്സംഘടന നിയമത്തിലെ 108ാം വകുപ്പ് അനുസരിച്ച് 1957 നവംബറിന് മുമ്പ് കരാറുകള്‍ പുതുക്കിയിരിക്കണം. കൂടാതെ അത്തരത്തില്‍ ഉണ്ടാക്കുന്ന കരാറുകള്‍ക്ക് നിയമനിര്‍മാണ സഭയുടെ അംഗീകാരവും നേടിയിരിക്കണം. നമ്മുടെ നിയമസഭ 1970ലെ കരാറിന് ഇന്നു വരെ അംഗീകാരം നല്‍കിയിട്ടില്ലെന്നതാണ് സത്യം. അതു കൊണ്ട് തന്നെ അച്യുതമേനോന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ നിയമപരമായി നിലനില്‍ക്കുന്നതല്ല. പക്ഷേ, തമിഴ്‌നാടിനെ വരുതിക്ക് കൊണ്ടുവരാന്‍ കഴിയുന്ന തരത്തില്‍ നിയമം ഉപയോഗിക്കാമെന്നിരിക്കെ കേരളം മാറി മാറി ഭരിച്ച ഒരു മന്ത്രിസഭയും അതിന് തയ്യാറായിട്ടില്ല.

ഭ്രംശമേഖലയില്‍ മര്‍ദ്ദം കൂടുന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പ്പെടുന്ന മേഖലയില്‍ കൂടുതല്‍ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടാവാന്‍ സാധ്യത വര്‍ധിച്ചതായി തിരുവനന്തപുരം ഭൗമശാസ്ത്ര പഠനകേന്ദ്രം തലവന്‍ ഡോ. ജോണ്‍മത്തായി പറയുന്നു. ഭൗമാന്തര്‍ഭാഗത്ത്് സമ്മര്‍ദ്ദം വര്‍ധിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്തുകൂടി കടന്നുപോവുന്ന കടൈയനല്ലൂര്‍ - തേക്കടി വിള്ളലുകളില്‍ ചലനങ്ങള്‍ സജീവമായി നില്‍ക്കുന്നു. ഇതുവഴി ശക്തമായ ഭൂകമ്പങ്ങള്‍ക്ക് സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇതു ആശങ്ക ഉയര്‍ത്തുന്നതാണെന്ന് ഡോ. ജോണ്‍മത്തായി പറഞ്ഞു. ഈ വര്‍ഷം ഇതുവരെ ചെറുതും വലുതുമായ 28 ഭൂകമ്പങ്ങളാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ഭ്രംശമേഖലയിലുമായി സംഭവിച്ചത്. അഞ്ചു തീവ്രതയ്ക്കു മുകളില്‍ ഒരു ഭൂകമ്പം ഉണ്ടായാല്‍ പിന്നീട് ലോകം വലിയൊരു ദുരന്തത്തിനു സാക്ഷിയാകേണ്ടിവരും.


1200 അടി നീളവും 155 അടി ഉയരവുമുള്ള 115 വര്‍ഷം പിന്നിടുന്ന അണക്കെട്ട് കാലപ്പഴക്കം മൂലം നിര്‍മാണവസ്തുക്കള്‍ ഒലിച്ചുപോയി മൃതുപ്രായനായി കഴിയുകയാണ്. അടിത്തട്ടിന്റെ സ്ഥിതി 136 അടി സംഭരണ ശേഷി നിശ്ചയിച്ചിട്ടുള്ള ഡാമില്‍ വെള്ളത്തിന്റെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. നിലവില്‍ അണക്കെട്ടിന്റെ അവസ്ഥ എന്തെന്ന് ആര്‍ക്കുമറിയില്ല. 1200 അടി നീളത്തില്‍ വിള്ളലുണെ്ടന്ന സി.എം.ആര്‍.എസ് മുന്‍ ചീഫ് എന്‍ജിനീയര്‍ എസ്. ശശിധരന്റെ റിപോര്‍ട്ട് മാത്രമാണ് നമുക്കു മുന്നിലുള്ളത്.
അണക്കെട്ടില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ അടി ഭാഗത്തെ പാളികളില്‍ അനുഭവപ്പെടുന്ന മര്‍ദ്ദം മൂലം നേരിയ ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരം ഭൂചലനങ്ങള്‍ കണെ്ടത്താന്‍ അണക്കെട്ടിനു ചുറ്റും ഭൂകമ്പമാപിനികള്‍ സ്ഥാപിച്ച് നിരീക്ഷിക്കണം. കൂടാതെ അണക്കെട്ടിലെ മര്‍ദ്ദവ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ പല ഉപകരണങ്ങളും സ്ഥാപിക്കേണ്ടതുണ്ട്. എന്നാല്‍, അത്തരം സംവിധാനങ്ങളൊന്നും തന്നെ മുല്ലപ്പെരിയാറിലില്ല. ഇനി ഇവ സ്ഥാപിച്ചാലും നമുക്കിത് നേരിട്ടു പരിശോധിക്കാനാവില്ല. തമിഴ്‌നാട് തരുന്ന വിവരങ്ങള്‍ അതേപടി വിഴുങ്ങുകയേ മാര്‍ഗമുള്ളൂ. വര്‍ഷങ്ങളായി അണക്കെട്ടില്‍ നിന്ന് ചോരുന്ന വെള്ളത്തിന്റെ യഥാര്‍ഥ കണക്കുകള്‍ പോലും കേരളത്തിനു ലഭ്യമല്ല.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വെള്ളം കെട്ടിനിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ തന്നെ ചോര്‍ച്ച കണ്ടിരുന്നു. 1896 ഫെബ്രുവരി മാസം പണി പൂര്‍ത്തിയാക്കി അണക്കെട്ടിലെ ജലനിരപ്പ് 116 അടിയായപ്പോള്‍ 0.18 ക്യുബിക്ക്/ സെക്കന്റ് ചോര്‍ച്ച ഉണ്ടായിരുന്നു. ജലനിരപ്പ് 142 അടി ആയപ്പോള്‍ ഇത് നാലിരട്ടിയായി വര്‍ധിച്ചു. നിര്‍മാണത്തിന് ഉപയോഗിച്ച സുര്‍ക്കി മിശ്രിതത്തിലെ ചുണ്ണാമ്പ് വെള്ളവുമായി അലിഞ്ഞുണ്ടായ ഒലിച്ചിറങ്ങലുകളാണ് ചോര്‍ച്ചയ്ക്കു കാരണം. മുല്ലപ്പെരിയാര്‍ ഡാമില്‍ ചൂഴ്ന്നിറങ്ങുന്ന വെള്ളത്തില്‍ 40% ത്തിലേറെ ചുണ്ണാമ്പ് കണെ്ടത്തിയിട്ടുണ്ട്. 50 വര്‍ഷത്തനിടയില്‍ നടത്തിയ കണക്കെടുപ്പില്‍ 1500 ടണ്‍ മിശ്രിതം ഒലിച്ചുപോയതായി കണെ്ടത്തി. എന്നാല്‍, ബലപ്പെടുത്തലിന്റെ ഭാഗമായി നടത്തിയ ഗ്രൗട്ടിങില്‍ 500 ടണ്‍ ഗ്രൗട്ട് മാത്രമേ കയറ്റാന്‍ കഴിഞ്ഞിട്ടുള്ളൂ. അണക്കെട്ടിന്റെ മൂന്നില്‍ രണ്ടു ഭാഗം ഇപ്പോള്‍ വെറും കല്ലടുക്കുകള്‍ മാത്രമാണ്. ഇപ്പോഴും വിള്ളലുകളിലൂടെ സുര്‍ക്കി മിശ്രിതം ഗണ്യമായി തന്നെ ഒലിച്ചിറങ്ങി നഷ്ടപ്പെടുന്നുണ്ട്. അണക്കെട്ട് പരിസരത്ത് പെട്ടെന്നുണ്ടാവുന്ന ഉരുള്‍പ്പൊട്ടല്‍ കാരണം കനത്ത മഴയില്‍ ജലനിരപ്പ് ഒറ്റ രാത്രി കൊണ്ട് 10 അടിവരെ ഉയര്‍ന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ പ്രതിഭാസം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാന്‍ സാധ്യതയുണെ്ടന്നാണ് മുന്‍ കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ എം.കെ പരമേശ്വരന്‍ നായര്‍ പറയുന്നത്.
240 അടി നീളവും 56 അടി ഉയരവുമുള്ള ബേബിഡാമും വലിയൊരു ഭീഷണിയിലാണ്. അടിത്തട്ടിലൂടെ ശക്തമായ ചോര്‍ച്ച തുടരുന്നു. ഭ്രംശമേഖലയില്‍ നില്‍ക്കുന്ന ബേബിഡാം ദുര്‍ബലമാണെന്ന് തമിഴ്‌നാട് തന്നെ സമ്മതിച്ചതാണ്. മുല്ലപ്പെരിയാറിനോളം പഴക്കമുള്ള ബേബിഡാം ജലവിതാനം 115 അടിക്കു മുകളിലെത്തുന്നതിനെ തടഞ്ഞുനിര്‍ത്താനാണ് നിര്‍മിച്ചത്. നിലവിലെ സ്ഥിതിയില്‍ പെട്ടെന്നുള്ള വെള്ളത്തിന്റെ തള്ളിച്ചയില്‍ ബേബി ഡാം തകരാന്‍ സാധ്യതയുണ്ട്. ബേബി ഡാമിന്റെ അടിയില്‍ നിന്ന് ഊറിവരുന്ന ജലത്തിന്റെ ശക്തിയും അളവും പഠനത്തിന് വിധേയമാക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2001ല്‍ നടത്തിയ പഠനത്തില്‍ കണെ്ടത്തിയതിനെക്കാള്‍ കൂടുതലാണ് നിലവിലെ ചോര്‍ച്ചയുടെ സ്ഥിതി.
ഇടുക്കിക്ക് പുറമെ എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ ജില്ലകളും ദുരന്തത്തിന്റെ പരിധിക്ക് അകത്താണ്. പക്ഷേ, താഴ്‌വരയിലെ ആദ്യഗ്രാമമായ വള്ളക്കടവ് മുതല്‍ ഉപ്പുതറവരെയുള്ള പ്രദേശത്ത് മാത്രമേ പ്രതിഷേധത്തിന്റെ ശക്തമായ അലയടികള്‍ ഉയരുന്നുള്ളൂ. മറ്റു ജില്ലകളിലെ ജനങ്ങള്‍ക്ക് ഇതിലൊന്നും താല്‍പ്പര്യമില്ല. മുല്ലപ്പെരിയാറിന്റെ തകര്‍ച്ച ഇടുക്കി അണക്കെട്ടിന്റെ കൂടി തകര്‍ച്ചയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പോലും ഒന്നിച്ചുനില്‍ക്കാന്‍ നമ്മുടെ സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിനാവുന്നില്ല. നാം നാടുകടത്തിയ ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ മുല്ലപ്പെരിയാര്‍ വീണെ്ടടുക്കാനായി കാട്ടിയ ആര്‍ജവം പോലും നമ്മുടെ ജനകീയ സര്‍ക്കാരുകള്‍ക്കില്ല. ജീവന്‍മരണ പോരാട്ടമാണ് ഇന്നു താഴ്‌വരയില്‍ നടക്കുന്നത്. എല്ലാ വ്യത്യാസങ്ങളും മാറ്റിവച്ച് കേരളം ഉണര്‍ന്നാല്‍ 35 ലക്ഷം മനുഷ്യജീവിതങ്ങളെ ബാധിക്കുന്ന ഒരു ദുരന്തത്തെ തടഞ്ഞുനിര്‍ത്താനാവും.

തേജസ്
ആഴ്്ചവട്ടം
www.thejasonline.online.com

2011 നവംബർ 30, ബുധനാഴ്‌ച

20ം നൂറ്റാണ്ടില്‍ തകര്‍ന്നത് 200 അണക്കെട്ടുകള്‍




ഇന്ത്യയിലെ നാലെണ്ണം ഉള്‍പ്പെടെ ചെറുതും വലുതുമായ 200 അണക്കെട്ടുകള്‍ 20ം നൂറ്റാണ്ടില്‍ ലോകത്താകെ തകര്‍ന്നു വീണപ്പോള്‍ മരണത്തിന് കീഴടങ്ങിയത് 10 ലക്ഷത്തിലേറെ പേര്‍. ദുരന്തത്തിന് കാതോര്‍ത്തിരിക്കുന്ന കേരളത്തിനും രാജ്യം ഭരിക്കുന്നവര്‍ക്കും പക്ഷേ ഈ ദുരന്തങ്ങളൊന്നും പാഠമല്ല.
മുല്ലപ്പെരിയാര്‍ നിര്‍മിച്ച് മൂന്നു വര്‍ഷം കഴിഞ്ഞ് പണിത അമേരിക്കയിലെ കെല്ലിബാന്‍ അണക്കെട്ട് ഇന്ന് ഓര്‍മ മാത്രമാണ്. 1899ല്‍ നിര്‍മിച്ച കെല്ലിബാന്‍ 1937 മുതല്‍ മുല്ലപ്പെരിയാര്‍ ബലപ്പെടുത്തിയ പോലെ തന്നെ പുതുക്കി പണിത് ബലപ്പെടുത്തിയതാണ്. എന്നാല്‍ ഡാമിന്റെ ചോര്‍ച്ച തടഞ്ഞു നിര്‍ത്താന്‍ സാങ്കേതിക വിദ്യകള്‍ക്കായില്ല. 1977ല്‍ ദുരന്തമായി കെല്ലിബാന്‍ ചരിത്രത്തിലേക്ക് മാഞ്ഞു പോയി.
അയല്‍രാജ്യമായ ചൈനയില്‍ 1975 ആഗസ്തില്‍ ഷട്ടറുകള്‍ ഉയര്‍ത്താത്തതിനെ തുടര്‍ന്ന് ബാങ്കിയാവോ അണക്കെട്ട് പൊട്ടി 26,000 പേരാണ് മരണം വരിച്ചത്. ഇതിന് പിന്നാലെ അണക്കെട്ട് തകര്‍ന്നത് മൂലമുണ്ടായ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിച്ച് 1.45 ലക്ഷം പേരും മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ബാങ്കിയാവോ ഡാമിന്റെ തകര്‍ച്ചയെ തുടര്‍ന്ന് 24 അടി ഉയരത്തിലുള്ള തിരമാലകള്‍ രൂപം കൊണ്ടതായി ചരിത്രം പറയുന്നു.
1928 മാര്‍ച്ച് 12ന് അര്‍ധ രാത്രിയിലാണ് അമേരിക്കയിലെ ലോസ് ആഞ്ചല്‍സ് പട്ടണത്തെ ഞെട്ടിച്ച് സെന്റ് ഫ്രാന്‍സിസ് അണക്കെട്ട് തകര്‍ന്നു വീണത്. സ്ഥലത്തെ ശിലകളെ കുറിച്ച് കാര്യമായ പഠനം നടത്താതെയാണ് സാന്‍ഫ്രാന്‍സിസ്‌കോ വിള്ളലിന് മുകളില്‍ അണക്കെട്ട് നിര്‍മിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത് കമ്പം വിള്ളല്‍ ഉടുമ്പന്‍ചോല ഭ്രംശമേഖലയുമായി സംഗമിക്കുന്നിടത്താണ്.
ഇതിന് തൊട്ടുതന്നെ കടയനല്ലൂര്‍തേക്കടി വിള്ളലുകള്‍ സ്ഥിതി ചെയ്യുന്നതും. വേണ്ടത്ര ഭൗമശാസ്ത്ര പഠനങ്ങള്‍ നടത്താതെ നിര്‍മിച്ച സെന്റ് ഫ്രാന്‍സിസ് അണക്കെട്ടിനും മുലപ്പെരിയാറിലേത് പോലെ തന്നെ നിര്‍മാണ ജോയിന്റുകളോ ഡ്രെയിനേജ് ഗാലറികളോ ഉണ്ടായിരുന്നില്ല. ബലപ്പെടുത്തലിന്റെ ഭാഗമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 45, 10 അടിയിലായി രണ്ട് ഗാലറികള്‍ 1979 ന് ശേഷം നിര്‍മിച്ചത്. ഇത് കൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ല.
സെന്റ് ഫ്രാന്‍സിസ് അണക്കെട്ട് തകര്‍ന്നു വീണപ്പോള്‍ 36180 എക്കറടി ജലം 55 മൈല്‍ കുതിച്ച് ശാന്ത സമുദ്രത്തില്‍ പതിക്കുകയായിരുന്നു. എന്നാല്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇതിന്റെ 27 ഇരട്ടി വെള്ളമാണ് കെട്ടിനിര്‍ത്തിയിരിക്കുന്നത്. ഇടുക്കി അണക്കെട്ടും കൂടി ചേരുമ്പോള്‍ സെന്റ് ഫ്രാന്‍സിസ് അണക്കെട്ടിലേതിനേക്കാള്‍ 150 ഇരട്ടി വെള്ളം കുത്തിയൊഴുകുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല.
1975 ജൂണില്‍ അമേരിക്കയിലെ ടെറ്റാണ്‍ അണക്കെട്ട് തകര്‍ന്ന് വീണ് 25000 പേരാണ് ഭവനരഹിതരായത്. 1000 ദശലക്ഷം ഡോളറിന്റെ നാശനഷ്്ടമാണ് അമേരിക്ക അന്നു നേരിട്ടത്.
ഇവിടെയും നിര്‍മാണത്തിലെ അപാകതയായിരുന്നു നാശം വിതച്ചത്. ഇന്ത്യയിലാവട്ടെ 1917ല്‍ ടൈഗ്രയും 1961ല്‍ ഘടക് വാസല, 1967ല്‍ നാക്ക് സാഗര്‍ചാപ്പ, 1979ല്‍ മാച്ചു അണക്കെട്ടുകളാണ് തകര്‍ന്നു വീണത്.