2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ഭൂമിയിലെ സ്വര്‍ഗം കാശ്മീര്‍ ! ; ഭയം ഉറഞ്ഞു കൂടുന്ന ഉറിവാലിയിലൂടെ ഒരു മഞ്ഞുകാല യാത്ര




ഭൂമിയിലെ സ്വര്‍ഗം തേടിയുള്ള യാത്ര 1




ഭൂമിയിലെ സ്വര്‍ഗം. കേട്ടറിഞ്ഞ കാശ്മീര്‍ അതായിരുന്നു. കണ്ടറിഞ്ഞ കാശ്മീര്‍ മറ്റൊന്നും. ശിശിരത്തിലെ മഞ്ഞിന്‍ പുതപ്പണിഞ്ഞ് സുന്ദരിയായ കാശ്മീര്‍. ചിന്നാര്‍ മരങ്ങള്‍ ഇലകൊഴിഞ്ഞിട്ടും തലയുയര്‍ത്തി നില്‍ക്കുന്നു. കാശ്മീര്‍ താഴ്‌വരയ്ക്കു ചുറ്റും ഹിമാലയന്‍ മലനിരകള്‍ വെള്ളി വാരിപ്പുതച്ച് തലയുയര്‍ത്തി നില്‍ക്കുകയാണ്. കോട്ടയത്തെ 33 ഡിഗ്രി ചൂടില്‍ നിന്നായിരുന്നു ഹിമവാന്റെ മടിത്തട്ടിലെ സ്വര്‍ഗമായ കാശ്മീരില്‍ എത്തിയത്. കാശ്മീര്‍ യാത്രയിലെ അവിസ്മരണീയ മുഹര്‍ത്തമായിരുന്നു പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഉറിവാലിയിലേക്കുള്ള യാത്ര. അപൂര്‍വ്വം മാധ്യമ പ്രവര്‍ത്തകര്‍ക്കു മാത്രം ലഭിക്കുന്ന യാത്ര. കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി സമ്മാനിച്ചതായിരുന്നു ഉറിവാലിയിലേക്കുള്ള യാത്ര. പുലര്‍ച്ചെ കൃത്യം ആറിന് തന്നെ ഹോട്ടലിന് മുന്നില്‍ സംഘത്തെ കൊണ്ടു പോകാനായി ബസെത്തിയിരുന്നു. ശ്രീനഘറില്‍ നിന്നും 125 കിലോ മീറ്റര്‍ അകലെയുള്ള ഇന്ത്യാ  പാക്ക് അതിര്‍ത്തിയിലെ ഉറിയിലേക്കുള്ള യാത്ര തിരിച്ചത് ആവേശത്തോടെയായിരുന്നു. ഒപ്പം ആശങ്കളും. എന്നും ഏറ്റുമുട്ടലുകളും രക്തച്ചൊരിച്ചിലും വെടിയൊച്ചകളും നിലയ്ക്കാത്ത കേട്ടറിവു മാത്രമുള്ള ബാരാമുള്ള വഴിയായിരുന്നു യാത്ര എന്നത് തന്നെ ആശങ്കയേറ്റി.



ഞങ്ങളുടെ യാത്രയുടെ തലേനാളും ബാരാമുള്ളയില്‍ ഏറ്റുമുട്ടലും മരണവും സംഭവിച്ചിരുന്നു. ഇന്ത്യന്‍ ആര്‍മിയുടെ അഥിതികളായിട്ടായിരുന്നു യാത്ര. അതു കൊണ്ടു തന്നെ സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി സൈനീക വാഹനം യാത്രയ്ക്ക് ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ചതും മുതിര്‍ന്ന സൈനീക ഓഫിസര്‍മാരാണ് എടുത്തത്. രാവിലെ ഏഴോടെ ഹോട്ടലിനു മുന്നില്‍ നിന്നും ബസ് ഓടി തുടങ്ങി. വഴിക്കാട്ടിയായി സിവില്‍ വേഷധാരിയായ പഞ്ചാബി ഓഫിസര്‍ ഖുല്‍വന്ത് സിംഗും. ശ്രീനഗര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫ്  ആയിരുന്നു ഞങ്ങളുടെ ്രൈഡവര്‍. ബിരുദധാരി. 3500 രൂപ മാസ വരുമാനത്തിനാണ് മുഹമ്മദ് ബസ് ഓടിക്കുന്നത്. ശ്രീനഗര്‍ സ്വദേശി തന്നെയായിരുന്നു ബിരുദധാരി വസീംരാജയായിരുന്നു ഗൈഡ്. ബസ് ഓടി തുടങ്ങിയതോടെ പിന്നിടുന്ന വഴിയകളെയും ഗ്രാമങ്ങളെയും പ്രത്യേകതകളെയും ഭൂപ്രകൃതിയെയും കുറിച്ച് വസീം പറഞ്ഞു തന്നു. ചെറിയ ഗ്രാമങ്ങളിലൂടെ ഇലപൊഴിഞ്ഞ് നില്‍ക്കുന്ന ആപ്പിള്‍ തോട്ടങ്ങള്‍ക്കു നടുവിലൂടെ ബസ് വേഗത്തില്‍ പാഞ്ഞു പോയി. ചില്ലു ജാലകത്തിലൂടെ ഓടിമറയുന്ന കാഴ്ചകളും കണ്ട് കാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തി ഞങ്ങളങ്ങനെ ഉറിയിലേക്ക് യാത്ര തുടര്‍ന്നു.



പഴയ ശ്രീനര്‍ നഗരവും പിന്നിട്ട് യാത്ര ഉറി പാതയിലേക്ക് തിരിഞ്ഞു. ഏതാനും കിലോ മീറ്ററുകള്‍ പിന്നിട്ടില്ല. വഴിയരുകില്‍ തോക്കേന്തിയ പട്ടാളക്കാര്‍ നിരന്നു നില്‍ക്കുന്നു. ഞങ്ങളുടെ യാത്രയ്ക്ക് വിഘ്‌നം ഉണ്ടാകാതിരിക്കാന്‍ പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സൈനീകരായിരുന്നു അവര്‍. കൊടും തണുപ്പിലും സ്വന്തം സുരക്ഷ മറന്ന് ജീവിതം മറന്നു മറ്റുള്ളവരുടെ സുരക്ഷയ്ക്കും ജീവനും വേണ്ടി കാവല്‍ നില്‍ക്കുന്ന സൈനീകര്‍. ഞങ്ങള്‍ കടന്നു പോകുന്ന വീഥിയ്ക്ക് ഇരുവശത്തെയും ഗ്രാമം ചൂണ്ടിക്കാട്ടി വസീംരാജ പറഞ്ഞു. ഇതാണ് സോപ്പൂര്‍. കാശ്മീര്‍ ആപ്പിള്‍ ടൗണ്‍. ആപ്പിള്‍ മാത്രമല്ല ഇവിടെ മള്‍ബറിയും തളിരിട്ട് പൂവിട്ട് കായ്ഫലമണിയുന്നുണ്ട്. കാശ്മീരി പട്ടു നെയ്യാന്‍ ഉപയോഗിക്കുന്നത് ഈ മള്‍ബറിതോട്ടങ്ങളില്‍ നിന്നും ലഭിക്കുന്ന പട്ടുനൂലാണ്. യാത്ര വീണ്ടും തുടരുകയാണ്. ഇടയ്ക്കിടെ പട്ടാള ബാരക്കുകള്‍. വഴിയരുകില്‍ തോക്കേന്തിയ സൈനീകര്‍. കടന്നു പോകുന്ന പട്ടാള വണ്ടികള്‍. ഇതിനിടെ തകര്‍ന്നു കിടക്കുന്ന സ്മാരകം ചൂണ്ടിക്കാട്ടി വസീം രാജ പറഞ്ഞു അതിന് 3000 വര്‍ഷത്തെ പഴക്കമുണ്ട്. പത്താന്‍ ചൗക്കിലെ മാര്‍ടെനായിരുന്നു ആ സ്മാരകം.



സമാമിെേ വൗപത്താന്‍ ചൗക്കും പിന്നിട്ട് ബസ് ബാരാമുള്ള ടൗണിലേക്ക് പ്രവേശിച്ചു. കച്ചവട സ്ഥാപനങ്ങളൊന്നും തുറന്നിട്ടില്ല. വഴിയരികില്‍ പട്ടാളക്കാരല്ലാതെ ഒരു മനുഷ്യരുമില്ല. കാശ്മീരില്‍ തെരുവുകള്‍ ഉണരണമെങ്കില്‍ തണുപ്പുകാലത്ത് 11 മണിക്കഴിയണം. അതു കൊണ്ടു തന്നെ പ്രശ്‌ന ബാധിത പ്രദേശമായ ബാരാമുള്ള ടൗണ്‍ വിജനമായിരുന്നു. സൈനീകരെ ഒഴിച്ചു നിര്‍ത്തിയാല്‍. ടൗണിലെമ്പാടും പത്തു മീറ്ററോളം ഇടവിട്ട് ഇരുവശത്തും തോക്കേന്തിയ സൈനീകര്‍ ഞങ്ങള്‍ക്കു കടന്നു പോകാന്‍ സുരക്ഷയൊരുക്കി കാത്തു നിന്നു. ബാരമുള്ള പിന്നിട്ടതോടെ അകത്തു നിറഞ്ഞു നിന്നിരുന്ന ഭീതി വിട്ടൊഴിഞ്ഞു. എന്തു ശാന്തമാണ് ബാരാമുള്ള. അകത്ത് അഗ്‌നി നിറച്ച് ബാരാമുള്ള ശാന്തമായി ഉറങ്ങുകയാണ്. ഏതു നിമിഷവും അതു പൊട്ടിത്തെറിച്ചേക്കുമെന്ന് സൈനീക ഓഫിസറുടെ ഓര്‍മപ്പെടുത്തല്‍. സൈനീക വാഹനങ്ങള്‍ക്ക് നേരെയും സൈനീകര്‍ക്ക് നേരെയും കല്ലെറിയുന്നത് പതിവാണത്രേ. ബാരാമുള്ളയിലെ ഓരോ വീട്ടിലും ഒരു കലാപകാരിയെങ്കിലും ഉണ്ടാവുമെന്നും സാക്ഷ്യപ്പെടുത്തല്‍. പട്ടാളത്തിന് ഇവര്‍ കലാപകാരികളാണ് (മിലിട്ടണ്‍സ്). എന്തായാലും ഉള്ളില്‍ ഉറഞ്ഞു കൂടിയ ഭയം വിട്ടൊഴിഞ്ഞിരുന്നു.



ബാരാമുള്ളയും പിന്നിട്ട് വാഹനം മുന്നോട്ട് കുതിച്ചു പാഞ്ഞു. ഇടയ്ക്കിടെ പട്ടാള വാഹനങ്ങും ചില സ്വകാര്യ വാഹനങ്ങളും കടന്നു പോയി. പാതയുടെ ഇടതുഭാഗത്ത് മഞ്ഞില്‍പ്പുതച്ച മലനിരകളും താഴെ ത്ധലം നദിയുടെ കൈവഴികളും ഒഴുകുന്നു. ഇതിനിടെ വവിരുകില്‍ തടിയില്‍ തീര്‍ത്ത ഡാമും കനാലും ചൂണ്ടിക്കാട്ടി സുബേധാര്‍ ഖുല്‍വന്ത് സിംഗ് പറഞ്ഞു. ഇതാണ് പഞ്ചാല്‍ ബ്രിഡ്ജ്. പഴയ തടി ഡാം. ബ്രിട്ടീഷുകാര്‍ ഭൂഗര്‍ഭത്തില്‍ നിര്‍മിച്ചതാണിത്. ഇന്ന് പഞ്ചാല്‍ ബ്രിഡ്ജിന്റെ അവശിഷ്ടങ്ങള്‍ മാത്രമേ കാണാനുള്ളൂ. ഇലപൊഴിഞ്ഞു നില്‍ക്കുന്ന ചിന്നാര്‍ മരങ്ങള്‍ക്കിടയില്‍ കുന്നിന്‍ ചെരുവുകളിലായി തലയുയര്‍ത്തി നില്‍ക്കുന്ന ചെറിയ വീടുകള്‍. ചുവപ്പും വെള്ളയും നീലയും കലര്‍ന്ന തകര ഷീറ്റുകള്‍ പാകിയ മേല്‍ക്കൂരകള്‍. മനോഹരമായ നിര്‍മിതി. വീട് നിര്‍മാണത്തിന് ചെലവു കുറവാണത്രേ ഇവിടെ. പര്‍വതങ്ങള്‍ക്ക് നടുവില്‍ തലയെടുപ്പോടെ തകര ഷീറ്റുകള്‍ മേഞ്ഞ മനോഹരമായ വീടുകള്‍ അങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു. എവിടെയും ആളനക്കങ്ങലൊന്നുമില്ല. ഉരുണ്ടു കിടക്കുന്ന പാറക്കൂട്ടങ്ങളില്‍ അലതല്ലി ഒഴുകുകയാണ് ത്ധലം നദിയുടെ കൈവഴികള്‍. മനോഹരമായ കാഴ്കള്‍. ഭൂമിയിലെ സ്വര്‍ഗമെന്ന വിശേഷണത്തെ അര്‍ഥവത്താക്കുന്ന ഭൂപ്രകൃതി തന്നെ. ഇതാണ് ദൈവത്തിന്റെ സ്വന്തം നാടെന്നു കരുതി പോകും.



സമാമി 1കയറ്റിറക്കങ്ങളും വലിയ വളവുകളും ഇല്ലാതെ പിന്നിട്ട വഴികള്‍ പതിയെ കഠിനമേറിയതായി മാറി. പാതയുടെ വീതി കുറഞ്ഞു വന്നു. പാമ്പിനേ പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന പാത. നദിക്ക് കുറുകെ ഇരുമ്പില്‍ തീര്‍ത്ത തൂക്കുപാലങ്ങള്‍. ഉറിവാലി നദി പതിയെ വറ്റിതുടങ്ങുന്ന കാഴ്ച. ഉരുളന്‍ പാറക്കൂട്ടങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നു. കാശ്മീര്‍ ജനതയുടെ മരവിച്ച മനസു പോലെ ത്ധലത്തിന്റെ കൈവഴിയും തെളിനീര്‍ വറ്റി നില്‍ക്കുന്നു. പൈന്‍ മരക്കാടുകള്‍ മഞ്ഞുവീഴ്ചയില്‍ വെള്ളി പുതച്ചു നില്‍ക്കുന്നു. ഇടയ്ക്ക് എന്‍.എച്ച്.പി.സിയുടെ ഉറി വൈദ്യുതി നിലയം. യാത്ര തുടരുകയാണ്. വഴിയരുകില്‍ ഏതോ ഒരു മഹാന്റെ മഖ്ബറ. ജീവന്‍ വെടിഞ്ഞ ധീര പോരാളികളായ ജവാന്‍മാരുടെ സ്മരണ നിലനിര്‍ത്തുന്ന സ്മാരകങ്ങള്‍. സൂര്യ പ്രകാശം തലനീട്ടിയതോടെ മഞ്ഞില്‍ കുളിച്ചു നിന്ന മലനിരകളില്‍ തിളക്കം. ചെങ്കുത്ത മലനിരകള്‍ ഒരു വശത്ത്. അഗാതമായ ഗര്‍ത്തം മറുഭാഗത്ത്. ്രൈഡവറുടെ കണ്ണൊന്നു പാളിയാല്‍ സമാന്തരമായി ഒഴുകുന്ന നദിയിലാവും സ്ഥാനം. പൊടിപോലും കിട്ടില്ല. അവിടെ ഹിമവാന്റെ കുത്തൊഴുക്കില്‍ തകര്‍ന്നൊരു പാലം. ഓരോ വളവിലും ശ്രദ്ധയോടെ ഹോണ്‍ മുഴക്കി ബസ് ഓടിക്കുകയാണ് മുഹമ്മദ് അഷ്‌റഫ് എന്ന കാശ്മീരി യുവാവ്. ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന കൊച്ചു മിനാരങ്ങള്‍. മസ്ജിദുകള്‍. വലിയ ആഡംബരങ്ങലൊന്നുമില്ലാത്ത മസ്ജിദുകള്‍. ഉറിയോട് അടുക്കുന്തോറും വഴിയില്‍ വാഹനങ്ങള്‍ അപൂര്‍വ്വമായി മാറി.



ഇടയ്ക്കിടെ പട്ടാള ചെക്ക് പോയിന്റുകള്‍. ഉറിയിലേ പ്രേവേശന കവാടത്തില്‍ മുന്‍സിപ്പാലിറ്റിയുടെ ചെക്ക് പോസ്റ്റ്. പ്രവേശനത്തിന് ടോള്‍ നല്‍കണം. വാഹനം തടഞ്ഞിട്ടു. സുബേദാറുടെ ഇടപെടല്‍. വീണ്ടും യാത്ര തുടരുകയാണ്. മുന്നോട്ടു പോകുന്തോറും പാതയുടെ വീതി കുറഞ്ഞു വരികയാണ്. തകര്‍ന്നു കിടക്കുന്ന ഇടുങ്ങിയ കൊടും വളവുകള്‍ നിറഞ്ഞ പാത. പട്ടാള വണ്ടികള്‍ ഇടയ്ക്കിടെ കടന്നു പോകുന്നു. പതിയെ ബസ് ഉറി പട്ടണത്തിലേക്ക് പ്രവേശിച്ചു. ഇടുങ്ങിയ വഴികള്‍ക്ക് ഇരുവശവും കച്ചവടക്കാര്‍ നിരന്നു തുടങ്ങിയിരിക്കുന്നു. വഴിയോര കച്ചവടക്കാരും പഴം വില്‍പ്പനക്കാരും സജീവമാകുകയാണ്. ടൗണ്‍ അവസാനിക്കുന്നിടത്ത് പട്ടാള ചെക്ക്‌പോസ്റ്റ്. ബസ് തടഞ്ഞിട്ടു. മീശക്കാരനായ പട്ടാള ഓഫിസര്‍ ഹിന്ദിയില്‍ ചോദിച്ചു എങ്ങോട്ടാണ് യാത്ര. സുബേദാര്‍ ബസിന് പുറത്തിറങ്ങി സംസാരിച്ചു. പക്ഷെ, തങ്ങള്‍ക്ക് സന്ദേശം ലഭിച്ചിട്ടില്ല. അതിനാല്‍ ഇനി യാത്ര തുടരാനാവില്ല. ഇതിനിടെ മീശക്കാരനായ സൈനീക ഓഫിസര്‍ യാത്രാ സംഘത്തിന്റെ തിരിച്ചറിയില്‍ രേഖകള്‍ ചോദിച്ചു. പലരും കാട്ടി. എന്തെങ്കിലും രേഖകള്‍ കാട്ടാന്‍ ബസിലിരുന്ന് സഹയാത്രികരിലാരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. എന്തെങ്കിലും കാട്ടിയാല്‍ പോകാനാവില്ലെന്ന് ഗൗരവക്കാരനായ പട്ടാള ഓഫിസര്‍ മലയാളത്തില്‍ തന്നെ മറുപടി നല്‍കി. പിന്നീട് ആ ഓഫിസറെ പരിചയപ്പെടുന്ന തിരക്കിലായി. ഇതു തശൂര്‍ അത്താണി സ്വദേശി പുരുഷോത്തമന്‍. മദ്രാസ് റെജിമെന്റില്‍ സേവനം അനുഷ്ടിക്കുന്നു. 15 വര്‍ഷമായി ഉറിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. ആള്‍ നല്ല ചങ്ങാത്തത്തിലായി. ഒരു പാടു നാളുകൂടി മലയാളികളെ കണ്ട സന്തോഷം. ഗൗരവക്കാരന്‍ സരസനായി മാറി. ഇതിനിടെ ഞങ്ങള്‍ക്ക് കടന്നു പോകാനുള്ള അനുമതിയെത്തി. യാത്ര രഹസ്യമായിരുന്നതിനാല്‍ ഇവിടെ എത്തിയ ശേഷം മാത്രമാണ് ഉറി സെക്ടറിലേക്ക് ഞങ്ങളുടെ സന്ദര്‍ശന വിവരം എത്തിയത്. പുരുഷോത്തമന്‍ സാറിനോട് യാത്ര പറഞ്ഞ് ഉറിയിലെ അതിര്‍ത്തി പ്രദേശത്തേക്ക് ബസ് ഓടിത്തുടങ്ങി.



പട്ടാള ബാരക്കുകള്‍ക്ക് നടുവിലൂടെയായിരുന്നു ഒരു കിലോ മീറ്ററോളം യാത്ര. ഇതിനിടെ രണ്ടു പട്ടാള ചെക്ക്‌പോസ്റ്റുകളില്‍ പിന്നിട്ടു. ഉറി പാതയിലെ ശ്രിദ്ധാറില്‍ തകര്‍ന്ന പാലത്തിന്റെ പണികള്‍ പുരോഗമിക്കുന്നു. ഇവിടങ്ങളിലെല്ലാം അടുക്കടുക്കായി കിടക്കുന്ന ചെറിയ കൃഷിയടങ്ങളും അങ്ങിങ്ങായി വീടുകളും കണ്ടു. വാഹനം പതിയെ യാത്ര തുടരുന്നതിനിടെ സലാമാബാദിലെത്തി. ഇന്ത്യയുടെ അവസാന പട്ടണം. കുറച്ചു വ്യാപാര സ്ഥാപനങ്ങളും കുറെ മനുഷ്യരും പട്ടാളക്കാരും മാത്രം. ഇവിടുത്തെ പര്‍വതങ്ങള്‍ക്കും കുന്നുകള്‍ക്കും പോലും പ്രത്യേകത. വികസനം എത്തി നോക്കാത്ത പ്രദേശം. എന്‍.എച്ച്.പി.സിയുടെ രണ്ട് വൈദ്യുതി പദ്ധതികള്‍ ഇവിടുണ്ട്. റോഡിനിരുവശവും മണ്ണും മണലും നിറച്ച ചാക്കുകള്‍ അടുക്കിവെച്ച ബങ്കറുകള്‍. കരിങ്കല്ലിലും തകഷീറ്റിലും നിര്‍മിച്ച പട്ടാള ബങ്കറുകളും കണ്ടു. ഇതിനിടെ ചെറിയ കൂരകള്‍ക്കു മുന്നില്‍ വെയില്‍ കായാന്‍ ഇരിക്കുന്ന ജീവിതങ്ങളും കണ്ടു. വഴിയില്‍ ആടുകളെയും തെളിച്ചു നീങ്ങുന്ന ഒരു കാശ്മീരി വൃദ്ധ. റെഡ് ബ്രിഡ്ജും പിന്നിട്ട് ഉറിയിലെ കമാന്‍ പോസ്റ്റിലേക്ക് അടുക്കുകയാണ്. മുന്നോട്ട് പോകുന്തോറും പാത കൂടുതല്‍ അപകടകരമാവുന്നു. ഇടയ്ക്കിടെ ചെക്കുപോസ്റ്റുകളില്‍ പരിശോധന. ഉറുമ്പയില്‍ വഴിയരുകിലുരുന്ന് ഭക്ഷണം പാകം ചെയ്യുന്ന പട്ടാളക്കാരെയും കണ്ടു. ബസ് ലൈന്‍ ഓഫ് കണ്‍ട്രോളിലേക്ക് അടുക്കുകയാണ്. ബസ് പെട്ടെന്ന് നിന്നു. ഞങ്ങളെത്തി കഴിഞ്ഞു ഉറിയിലെ ഇന്ത്യാ  പാക്ക് അതിര്‍ത്തിയില്‍. റോഡ് കടന്നു പോകുന്നതിന്റെ വലതു വശത്തു പാക്ക് അധിനിവേശ ഭൂമിയാണ്. വേലിക്കെട്ടുകള്‍ തീര്‍ത്തിരിക്കുന്നത് കാണാം. രാവിലെ 7 ന് തുടങ്ങിയ യാത്ര 11. 15 ന് ഉറിയിലെ കമാന്‍ പോസ്റ്റില്‍ അവസാനിച്ചു.



ഉറിയിലെ കമാന്‍ പോസ്റ്റിലെ ആദ്യ ചെക്കുപോസ്റ്റ് കടന്നു എത്തിയ സംഘത്തെ മേജര്‍ ആകാശ്‌സിംഗ് സ്വീകരിച്ചു. 23 വയസു മാത്രം പ്രായമുള്ള വെളുത്തു സുമുഖനായ ചെറുപ്പക്കാരനാണ് മേജര്‍. ബാരക്കുകളിലും ബങ്കറിലും തോക്കുകള്‍ ചൂണ്ടി ശ്രദ്ധയോടെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍. കമാന്‍ പോസ്റ്റിനെയും ഉറിയെയും കുറിച്ച് മേജര്‍ ആകാശ് സിംഗ് ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. പതിയെ മേജര്‍ നടന്നു തുടങ്ങി. ഉറച്ച കാല്‍വയ്‌പോടെ. ത്ധലത്തിന്റെ കൈവഴിയായ ഉറിവാലി നദിക്കു കുറുകെ നിര്‍മിച്ചിരിക്കുന്നപാലത്തിന് അരികിലേക്ക്. കമാന്‍ അമന്‍ സേതുവിലേക്ക്. വെള്ള ഛായം പൂശിയ പാലം. അതിനപ്പുറം പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ പോസ്റ്റും ബങ്കറുകളും. ഞങ്ങള്‍ക്കു മുന്നിലെ മലമുകളില്‍ നിരനിരയായി പാക്ക് ബങ്കറുകള്‍ കണ്ടു. കൂടാതെ തൂണുകളില്‍ ഘടിപ്പിച്ച നിരവധി നിരീക്ഷണ കാമറകളും. ഞങ്ങള്‍ എത്തിയതോടെ ഇന്ത്യന്‍ പോസ്റ്റില്‍ വെള്ള പതാക ഉയര്‍ന്നു. പക്ഷെ, പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. ഇതിനിടെ മേജര്‍ പറഞ്ഞു. നിങ്ങളുടെയെല്ലാം ഫോട്ടോ ഇതിനകം ലാഹോറിലെയും ഇസ്‌ലാമാബാദിലെയും സൈനീക കേന്ദ്രത്തില്‍ എത്തി കഴിഞ്ഞുവെന്ന്. കമാന്‍ പോസ്റ്റിന് വളരെ അകലത്തായി പാക്കിസ്ഥാന്റെയും ആസാദി കാശ്മീരിന്റെ പതാകള്‍ കെട്ടിയിരിക്കുന്നു. അവിടെയും ബങ്കറും പോസ്റ്റുകളും ഉണ്ട്. ഉറിവാലിയില്‍ പാക്ക് പട്ടാളത്തിന് ഒരു നിയന്ത്രണവുമില്ല. കാളകളെ പോലെ അഴിച്ചു വിട്ടിരിക്കുകയാണ്. ഏതു നിമിഷവും വെടിപൊട്ടാവുന്ന സ്ഥിതിയാണിവിടെ. കമാന്‍ അമന്‍ സേതു പാലത്തിന് തൊട്ടടുത്ത ബങ്കറില്‍ അത്യാധുനിക തോക്കും പിടിച്ചൊരു ഇന്ത്യന്‍ സൈനീകന്‍. പേരു ചോദിച്ചു. ചിരിക്കുന്ന മുഖത്തോടെ മറുപടിയെത്തി. ചന്ദര്‍സിംഗ്. ഉത്തരാഘഢ് സ്വദേശിയാണ്. പാക്കിസ്ഥാന്‍ പട്ടാളത്തോടും കലാപകാരികളോടും പോരാടാനുറച്ച് മുഖാമുഖം നില്‍ക്കുകയാണ് ചന്ദര്‍സിംഗ്. അതെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന അവസാന പട്ടാളക്കാരന്‍. ആദ്യം പോരാടുന്ന ചന്ദര്‍സിംഗ്. ചന്ദര്‍സിംഗെന്ന ധീരജവാന് സല്യൂട്ട് നല്‍കി പതിയെ തിരികെ നടന്നു. പ്രത്യഭിവാദം ചെയ്ത് ചന്ദര്‍ സിംഗ് തന്റെ തോക്കിന്റെ കാഞ്ചിയില്‍ വിരലുറപ്പിച്ച് നിന്നു.  ഉറിവാലിയിലെത്തുന്ന ഓരോ ഇന്ത്യാക്കാരന്റെ മനസും ശരീരവും അപ്പോള്‍ ഒരു പോലെ ദേശസ്‌നേഹത്തില്‍ വിറകൊള്ളും. നമ്മുടെ രാജ്യം കാക്കുന്ന നമ്മെ കാക്കുന്ന സൈനീകര്‍ക്ക് ഒരായിരം അഭിവാദ്യങ്ങള്‍. അനുഭവമായി മാറിയ ഉറിവാലിയോടും ജവാന്‍മാരോടും സലാം ചൊല്ലി പതിയെ മടങ്ങുകയാണ്. ശ്രീനഗറിലേക്ക്...



2013, ജൂലൈ 30, ചൊവ്വാഴ്ച

കടുവകള്‍ വംശനാശഭീഷണിയില്‍; 18 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 1025 എണ്ണം




കൊച്ചി: ആവാസവ്യവസ്ഥയുടെയും ഭക്ഷ്യശൃംഖലയുടെയും തകര്‍ച്ച കടുവകളുടെ കൂട്ടമരണത്തിനിടയാക്കുന്നതായി ഓര്‍മപ്പെടുത്തി ഇന്നു ലോക കടുവാദിനം. വംശനാശഭീഷണി നേരിടുന്ന കടുവകള്‍ മനുഷ്യന്റെ ആയുധശക്തിക്കു മുമ്പില്‍ ചത്തൊടുങ്ങുകയാണെന്ന കണക്കുകളാണു പുറത്തുവരുന്നത്.

കോടികള്‍ ഒഴുക്കുന്ന രാജ്യത്തെ കടുവാ സംരക്ഷണകേന്ദ്രങ്ങളില്‍പ്പോലും അവ സുരക്ഷിതരല്ല. 1994 മുതല്‍ 2012 വരെയുള്ള 18 വര്‍ഷത്തിനിടെ 1,025 കടുവകള്‍ കൊല്ലപ്പെട്ടതായാണ് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെ അന്വേഷണത്തില്‍ കണെ്ടത്തിയത്. രാജ്യത്ത് കഴിഞ്ഞ ഏഴുമാസത്തിനിടെ കൊല്ലപ്പെട്ടത് 48 കടുവകളാണ്. കടുവാസംരക്ഷണത്തിനായി 1972ല്‍ നടപ്പാക്കിയ 'പ്രൊജക്റ്റ് ടൈഗര്‍' കടുവാസംരക്ഷണത്തില്‍ കാര്യമായ പുരോഗതി നല്‍കിയിട്ടില്ല. 1972ലെ കണക്കെടുപ്പില്‍ കടുവകളുടെ എണ്ണം 40,000ത്തില്‍നിന്ന് 4,000 ആയി കുറഞ്ഞെന്ന് കണെ്ടത്തിയതിനെ തുടര്‍ന്നായിരുന്നു പ്രൊജക്റ്റ് ടൈഗര്‍ പദ്ധതി ആരംഭിച്ചത്. 41 വര്‍ഷമായിട്ടും പദ്ധതി ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. വനംകൈയേറ്റവും കടുവയുടെ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്നു. 2011ല്‍ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ ആകെ കടുവകള്‍ 1,706 എണ്ണമാണ്. 2012ലും ഈ വര്‍ഷം ആദ്യവും കണക്കെടുപ്പു നടത്തിയെങ്കിലും റിപോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. 2008ല്‍ 1,411 കടുവകള്‍ ഉണ്ടായിരുന്നു. അതില്‍നിന്ന് വംശവര്‍ധനയാണ് 2011ലെ പഠനത്തില്‍ രേഖപ്പെടുത്തിയത്. 2011ല്‍ 11 കടുവകള്‍ മാത്രം ചത്തിടത്ത് 2012 ആയപ്പോഴേക്കും കൊല്ലപ്പെട്ട കടുവകളുടെ എണ്ണത്തില്‍ ഏഴിരട്ടിയിലേറെ വര്‍ധന  ഉണ്ടായി. 2012ല്‍ 89 എണ്ണം ചത്തപ്പോള്‍ ജനുവരി മുതല്‍ കഴിഞ്ഞ 16 വരെ 48 കടുവകളാണു കൊല്ലപ്പെട്ടത്.

കഴിഞ്ഞ 19 മാസത്തിനിടെ ഏറ്റവും കൂടുതല്‍ കടുവകള്‍ ചത്തത് കര്‍ണാടകയിലാണ്. 26 കടുവകളാണ് കര്‍ണാടകയില്‍ ചത്തുവീണത്. മഹാരാഷ്ട്രയില്‍ 22ഉം ഉത്തരാഖണ്ഡില്‍ 21 കടുവകളും ചത്തു. കേരളത്തില്‍ എട്ടു കടുവകള്‍ വിവിധ കാരണങ്ങളാല്‍ ചത്തതായിട്ടാണ് ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ കണക്ക്. അവസാനമായി കഴിഞ്ഞ 16ന് പറമ്പിക്കുളം കടുവാസങ്കേതത്തിലെ നെന്മാറയിലാണ് കടുവയെ ചത്തനിലയില്‍ കണ്ടത്. 2012ല്‍ കൊല്ലപ്പെട്ടവയില്‍ 58 എണ്ണത്തിന്റെ മരണകാരണം കണെ്ടത്തിയിട്ടില്ല.

എന്നാല്‍, 89ല്‍ 31 എണ്ണം വേട്ടയാടലിലൂടെയാണു കൊല്ലപ്പെട്ടതെന്നാണ് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി കണെ്ടത്തിയത്. ഈ വര്‍ഷം ഇതുവരെ 54 കടുവകളാണ് ചത്തതെന്നും ഇതില്‍ 25 എണ്ണം വേട്ടയാടലിലൂടെ കൊല്ലപ്പെട്ടപ്പോള്‍ 29ന്റെ മരണകാരണം കണെ്ടത്താനായിട്ടില്ലെന്നും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി വ്യക്തമാക്കുന്നു. വന്യമൃഗവേട്ട തടയുന്നതിന് ടാസ്‌ക്‌ഫോഴ്‌സിനും സ്‌പെഷ്യല്‍ വൈല്‍ഡ് ലൈഫ് ക്രൈം സെല്ലിനും രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍, വിവിധ ഏജന്‍സികള്‍ 24 മണിക്കൂറും കണ്ണുതുറന്നിരിക്കുമ്പോഴും കടുവകള്‍ ചത്തുവീഴുന്നത് തുടരുകയാണ്.

2013, ജൂലൈ 25, വ്യാഴാഴ്‌ച

നിയമത്തിലെ അജ്ഞത: മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകളായി അഭയാര്‍ഥികള്‍





കൊച്ചി: ഏറ്റവും കൂടുതല്‍ പേര്‍ക്ക് അഭയം നല്‍കുന്ന രാജ്യത്ത് അഭയാര്‍ഥി നിയമം ഇല്ലാത്തതു മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കാരണമാവുന്നു. അഭയാര്‍ഥികള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന, 1951ല്‍ ഐക്യരാഷ്ട്രസഭ പാസാക്കിയ റെഫ്യൂജി ആക്റ്റ് ഇന്ത്യ അംഗീകരിച്ചിട്ടുണെ്ടങ്കിലും ഇതു സംബന്ധിച്ച് പോലിസ് ഉള്‍പ്പെടെയുള്ളവരുടെ അജ്ഞതയാണ് അഭയാര്‍ഥികള്‍ക്കു തിരിച്ചടിയാവുന്നത്.

ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, തിബത്ത് അടക്കമുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണു കാലങ്ങളായി ഇന്ത്യ അഭയംനല്‍കിയത്. ഐക്യരാഷ്ട്രസഭയുടെ നിയമം അംഗീകരിച്ചു തന്നെയാണു വിദേശപൗരന്‍മാരായ അഭയാര്‍ഥികള്‍ക്കു രാജ്യത്ത് പുനരധിവാസം ഒരുക്കിയിട്ടുള്ളത്. എന്നാല്‍, മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കൃത്യങ്ങളില്‍ ഇരകളാവുന്ന അഭയാര്‍ഥികള്‍ക്കെതിരേ വിദേശപൗരന്‍മാര്‍ക്കെതിരേയുള്ള നിയമമാണ് ഇപ്പോഴും പ്രയോഗിക്കുന്നതെന്നു ഹൈക്കോടതി അഭിഭാഷകന്‍ വി എസ് സലീം തേജസിനോട് പറഞ്ഞു.

റെഫ്യൂജി നിയമം രാജ്യത്തു പാസാക്കാതെവന്നതും യു.എന്‍. നിയമം സംബന്ധിച്ച നിയമപാലകരുടെ അജ്ഞതയുമാണ് ഇതിനു കാരണം. യു.എന്‍. നിയമത്തിന്റെ ചുവടുപിടിച്ച് നിരവധി രാജ്യങ്ങള്‍ സ്വന്തംനാട്ടില്‍ റെഫ്യൂജി നിയമം പാസാക്കിയിരുന്നു. അഭയാര്‍ഥികള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും ഈ നിയമത്തിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്. ജാതിമത, വംശീയ വിവേചനത്തിന് എതിരേയുള്ളതാണു നിയമം. തൊഴില്‍ സ്വാതന്ത്ര്യത്തിനൊപ്പം ആഗ്രഹിക്കുന്ന കാലത്തോളം അഭയം നല്‍കിയ രാജ്യത്തു താമസിക്കാനുള്ള സ്വാതന്ത്ര്യവും നിയമത്തിലൂടെ നല്‍കിയിട്ടുണ്ട്. ഒരിക്കലും അഭയാര്‍ഥികളുടെ സമ്മതമില്ലാതെ അവരെ തിരിച്ചയക്കാനാവില്ല. നിയന്ത്രണവിധേയമായ സഞ്ചാരസ്വാതന്ത്ര്യവും അനുവദിച്ചുകൊടുക്കേണ്ടതാണ്. അഭയാര്‍ഥികള്‍ക്കു തിരിച്ചറിയല്‍ രേഖ നല്‍കണമെന്നും ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നടപടികളിലൊഴികെ എല്ലാവിധ സ്വാതന്ത്ര്യവും നല്‍കണമെന്നും റെഫ്യൂജി നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇതു സംബന്ധിച്ച നിയമ നിര്‍മാണം നടത്താന്‍ രാജ്യത്തെ ഭരണകൂടങ്ങള്‍ തയ്യാറാവാത്തതാണു മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടു ജയിലിലാവുന്ന ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദുരിതത്തിനു കാരണം. സിംഹളരല്ലാത്ത ശ്രീലങ്കന്‍ അഭയാര്‍ഥികളെ പോലും വിദേശികളായാണു കണക്കാക്കുന്നത്. ഇതുകൊണ്ടുതന്നെ പോലിസ് അടക്കമുള്ള നിയമപാലകര്‍ ഇവര്‍ക്കെതിരേ പ്രയോഗിക്കുന്നതു ഫോറിനേഴ്‌സ് ആക്റ്റ് ആണ്.

അഭയാര്‍ഥികള്‍ക്ക് അനുകൂലമായ നിയമനിര്‍മാണം നടത്തിയാല്‍ ഇവര്‍ക്കു തിരിച്ചറിയല്‍ രേഖ നല്‍കാനാവും. ഈ രേഖ ഉപയോഗിച്ച് അഭയാര്‍ഥികള്‍ക്കു വിസ സംഘടിപ്പിച്ചു മറ്റു രാജ്യങ്ങളിലേക്കു യാത്ര നടത്താം. നിയമനിര്‍മാണം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കു വിരല്‍ചൂണ്ടുന്ന വിധിയായിരുന്നു ഈയിടെ ഹൈക്കോടതിയില്‍ നിന്നുണ്ടായത്. മനുഷ്യക്കടത്തു കേസില്‍ പ്രതിയാക്കപ്പെട്ട ശ്രീലങ്കന്‍ അഭയാര്‍ഥികളായ തിരുശെല്‍വം, പ്രേമാനന്ദ് എന്നിവരുടെ ജാമ്യഹരജിയില്‍ വിധിപറയവേയാണ് അഭയാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കോടതി എടുത്തുകാട്ടിയത്. അഭിഭാഷകരായ വി എസ് സലീം, എച്ച് നജ്മുദ്ദീന്‍ എന്നിവരായിരുന്നു കേസില്‍ ഐക്യരാഷ്്ട്രസഭയുടെ നിയമം ചൂണ്ടിക്കാട്ടി ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി ഹാജരായത്. പാസ്‌പോര്‍ട്ടും യാത്രാരേഖകളുമില്ലാതെ രാജ്യത്ത് പിടിയിലാവുന്ന അഭയാര്‍ഥികളുടെ കാര്യത്തില്‍ മനുഷ്യാവകാശ വശം കൂടി അന്വേഷണ ഉദ്യോഗസ്ഥര്‍ പരിഗണിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

അഭയാര്‍ഥി നിയമം ഇന്ത്യയില്‍ നിലവിലില്ലാത്തതിനാലാണു വിദേശി നിയമ പ്രകാരം കേസെടുത്തതെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. അതുകൊണ്ടുതന്നെ അഭയാര്‍ഥികളുടെ മനുഷ്യാവകാശങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജി ആക്റ്റ് സംബന്ധിച്ച നിയമനിര്‍മാണം രാജ്യത്ത് അനിവാര്യമാണെന്നു നിയമവിദഗ്ധരും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെടുന്നു.

2013, ജൂലൈ 23, ചൊവ്വാഴ്ച

അഭയമില്ലാതെ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ അഴിക്കുള്ളില്‍



കൊച്ചി: ആസ്‌ത്രേലിയ സ്വപ്നംകണ്ട് അഴിക്കുള്ളിലാവുന്ന ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ എണ്ണം പെരുകുന്നു. ആസ്‌ത്രേലിയ സ്വപ്നംകണ്ട് വീടുവിട്ടിറങ്ങി ജയിലിലായ ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ മാലിനിയെന്ന ശ്രീലങ്കന്‍ സ്ത്രീ അഭയാര്‍ഥികളുടെ ദുരിതപൂര്‍ണമായ ജീവിതമാണു തുറന്നുകാട്ടിയത്.

പിറന്ന നാടും വീടും ഉപേക്ഷിച്ച് 13ാം വയസ്സില്‍ ഇന്ത്യയില്‍ എത്തിയതാണ് മാലിനി. 25 വര്‍ഷം പിന്നിടുമ്പോഴും പൂര്‍വികരുടെ ജന്മദേശത്ത് അഭയാര്‍ഥിയായ മാലിനിയുടെ ദുരിതജീവിതത്തിന് അറുതിയില്ല. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ശ്രീലങ്കന്‍ അഭയാര്‍ഥിയെന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ ബലത്തിലാണ് ജീവിതം. ഇത്തരം ആയിരക്കണക്കിനു ജീവിതങ്ങളാണു തമിഴ്‌നാട്ടിലെ വിവിധ ശ്രീലങ്കന്‍ അഭയാര്‍ഥിക്യാംപുകളില്‍ കഴിഞ്ഞുകൂടുന്നത്.

മധുരയില്‍നിന്ന് 17 കിലോമീറ്റര്‍ അകലെ ആണയൂര്‍ ക്യാംപിലാണ് തയ്യല്‍ത്തൊഴിലാളിയായ മാലിനിയും ഭര്‍ത്താവും രണ്ടു കുട്ടികളും കഴിഞ്ഞത്. തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്നു ശ്രീലങ്കയിലെ ജാഫ്‌നയിലേക്കു കുടിയേറിയതാണു മാലിനിയുടെ പൂര്‍വികര്‍. ശ്രീലങ്കന്‍ സൈന്യവും എല്‍.ടി.ടി.ഇയും തമ്മില്‍ പോരാട്ടം രൂക്ഷമായതോടെ 1990ലാണ് മാലിനിയും കുടുംബവും ജാഫ്‌നയിലെ മാന്നാറില്‍നിന്നു പലായനം ചെയ്തത്.

പോരാട്ടത്തിനു ശമനം വന്നാല്‍ ഒരുവര്‍ഷത്തിനകം തിരിച്ചുപോവാമെന്ന വിശ്വാസത്തിലാണ് എല്ലാം ഉപേക്ഷിച്ച് ഇവര്‍ തമിഴ്‌നാട്ടിലെത്തിയത്. പക്ഷേ, 23 വര്‍ഷം പിന്നിടുമ്പോഴും മാലിനിക്ക് ജന്മനാട്ടിലേക്കു മടങ്ങാനായിട്ടില്ല. ഇതിനിടെ അഭയാര്‍ഥിക്യാംപിലെ തിരുശെല്‍വവുമായി വിവാഹം നടന്നു.

ക്യാംപിലെ ദുരിതത്തില്‍നിന്നു കുടുംബത്തെ രക്ഷപ്പെടുത്താനുള്ള വഴി തേടിയാണ് തിരുശെല്‍വം ആസ്‌ത്രേലിയയിലേക്കു പോവാന്‍ നാടുവിട്ടത്. മനുഷ്യക്കടത്ത് മാഫിയയുടെ വലയില്‍ വീണാണ് പത്തംഗസംഘത്തിനൊപ്പം തിരുശെല്‍വവും ആലുവയില്‍ എത്തിയത്. ആലുവയില്‍ താമസിക്കുന്നതിനിടെ പോലിസ് പിടികൂടി ജയിലിലടച്ചു. കൂടെയുണ്ടായിരുന്ന എട്ടുപേര്‍ക്കും കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചു. തിരുശെല്‍വവും പ്രേമാനന്ദും ജയിലിലാണ്. സൗജന്യ നിയമസഹായം നല്‍കി അഭിഭാഷകരായ വി എസ് സലീം, എച്ച് നജ്മുദ്ദീന്‍ എന്നിവരാണ് ഇരുവര്‍ക്കുംവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. ജാമ്യം ലഭിച്ചെങ്കിലും ജാമ്യക്കാരെ കണെ്ടത്താനാവാതെ വന്നതോടെ മോചനം നീളുകയായിരുന്നു.

ഇന്നലെയാണ് ജാമ്യക്കാരെ ആലുവ കോടതിയില്‍ ഹാജരാക്കി തിരുശെല്‍വത്തിന്റെയും പ്രേമാനന്ദിന്റെയും മോചനത്തിനു വഴിതുറന്നത്. ജാഫ്‌നയില്‍ പോരാട്ടം നിലച്ചെങ്കിലും മടങ്ങിപ്പോവാന്‍ തങ്ങള്‍ക്ക് ആഗ്രഹമില്ലെന്നു മാലിനി തേജസിനോട് പറഞ്ഞു. തമിഴ് വംശജരായ തങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ നടപടികള്‍ ഉണ്ടാവണമെന്ന് ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ആഗ്രഹിക്കുന്നു.

2013, ജൂലൈ 21, ഞായറാഴ്‌ച

ഒരു കൂലിക്കാരന്റെ രോദനം



നാട്ടിലെ അല്ലറ ചില്ലറ സാമൂഹിക പ്രവര്‍ത്തനം. പ്രാദേശിക കൂലി എഴുത്തുകാരന്‍...
നമ്മുടെ മുത്തശ്ശി പത്ര ഭാഷയില്‍ പറഞ്ഞാല്‍ വാര്‍ത്ത ശേഖരിക്കുന്ന ആള്‍. അതായിരുന്നു അവന്‍. മുഖം നോക്കാതെ അവന്‍ കലഹിച്ചു കൊണ്ടേയിരുന്നു. ഒത്തു തീര്‍പ്പ് അവനറിയില്ലായിരുന്നു. ദുരന്തങ്ങളില്‍ ചത്തുമലച്ചു കിടന്ന ജന്‍മങ്ങള്‍ക്കിടയിലൂടെ നിര്‍വികാരനായി അവന്‍ നടന്നു. ഒടുക്കത്തെ നടത്തം. എവിടെയോ എന്തൊക്കെയോ നേടണമെന്ന വാശിയോടെ. അവിടെ തുടങ്ങി അവന്റെ ദുര്‍ഗതി. അവന്‍ ഓടികൊണ്ടേയിരുന്നു. ഇപ്പോഴും ഓടി കൊണ്ടേയിരിക്കുന്നു. അടിമ മനോഭാവം അവന് ഇല്ലാതെ പോയതാണ് അവന്‍ ചെയ്ത വലിയ അപരാധം. അല്ലെങ്കില്‍ അവന്റെ പിഴ അവന്റെ പിഴ അവന്റെ വലിയ പിഴ. മുഖം നോക്കാതെ കലഹിക്കുന്നവന്‍. എന്തും വെട്ടിതുറന്നു പറയും. അവിടെയും വലിപ്പ ചെറുപ്പമില്ല. എപ്പോഴും കലഹിച്ചു കൊണ്ടേയിരുന്നു. ആ കലഹം തുടരുന്നു. സന്ധിയെന്നൊരു വാക്ക് അവന്റെ നിഘണ്ടുവിലില്ല. ഇനി ഉണ്ടാവുകയുമില്ല. ആരോടും ഏറ്റമുട്ടാനല്ല. ആരെയും കീഴടക്കാനുമല്ല. ആരെയും തോല്‍പ്പിക്കാനുമല്ല. പരാജിതനാവാതെ ജീവിത യാത്രയില്‍ പിടിച്ചു നില്‍ക്കാന്‍. ആത്മഹത്യ ചെയ്യാനാവില്ല. അത് ഭീരുവിന്റെ ലക്ഷണം. വീരനായി തന്നെ മരിക്കണം. അതെ മരണത്തിന്റെ കാലൊച്ച അടുത്തു വന്നു തുടങ്ങി...

2013, ജൂലൈ 20, ശനിയാഴ്‌ച

സഭ പിരിച്ചു വിടുമെന്ന ഭീഷണി മൂലം സി.പി.എം -മാണി നീക്കം പൊളിഞ്ഞു



കൊച്ചി: കേരളാ കോണ്‍ഗ്രസ് (എം) മുന്നണി വിട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുമെന്ന ഉമ്മന്‍ചാണ്ടിയുടെ ഭീഷണിയില്‍ മാണിയുടെ അട്ടിമറി നീക്കം പൊളിഞ്ഞു. കെ എം മാണിക്കൊപ്പം ഇടതുപക്ഷവും ഉമ്മന്‍ചാണ്ടിയുടെ വിരട്ടലില്‍ വീണതോടെയാണ് മന്ത്രിസഭയെ അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഉമ്മന്‍ചാണ്ടി കെ എം മാണിയെ തീരുമാനം അറിയിച്ചത്. ഇതോടെ ഇടതുപക്ഷവുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കത്തില്‍ നിന്നും കെ എം മാണി പിന്നോട്ടു പോയത്. ചെവ്വാഴ്ച രാവിലെ പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ കെ എം മാണിക്ക് അനുകൂലമായി പ്രതികരിച്ചിരുന്നു. ഏതാണ്ട് എല്ലാ ഇടതുകക്ഷികളും മാണിയെ സ്വാഗതം ചെയ്യുന്ന സമീപനം സ്വീകരിച്ചതോടെ കെ എം മാണി യു.ഡി.എഫ് മന്ത്രിസയെ അട്ടിമറിക്കുമെന്ന സ്ഥിതിയായി. എന്നാല്‍, ഈ നീക്കം പൊളിക്കാന്‍ കോണ്‍ഗ്രസ്- ലീഗ് നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷം മുഖ്യമന്ത്രി മാണിയെ തീരുമാനം അറിയിക്കുകയായിരുന്നു. 1980 ല്‍ നായനാര്‍ മന്ത്രിസഭയെ അട്ടിമറിച്ചപ്പോഴുണ്ടായ അനുഭവം ഉണ്ടാവുമെന്ന് തിരിച്ചറിഞ്ഞ കെ എം മാണി തന്റെ മുന്‍നിലപാടില്‍ നിന്ന് പിന്നാക്കം പോവുകയായിരുന്നു. പിണറായി- പന്ന്യന്‍ ചര്‍ച്ചയ്ക്ക് മുമ്പ് വരെ ഇടതുപക്ഷത്തിന്റെ നീക്കത്തിന് അനുകൂല സമീപനം സ്വീകരിച്ചു നിന്നിരുന്ന കെ എം മാണി ഉമ്മന്‍ചാണ്ടി തീരുമാനം അറിയിച്ചതോടെ മുന്‍നിലപാടില്‍ നിന്ന് പിന്നാക്കം പോവുകയായിരുന്നു. ഈ വിവരം സി.പി.എം അടക്കമുള്ള ഇടതു കേന്ദ്രങ്ങളെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ്  യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സി.പി.എം പിന്തിരിഞ്ഞത്. കെ എം മാണിയും സി.പി.എമ്മും അടക്കം ഒരു കക്ഷികളും നിലവിലെ സാഹചര്യത്തില്‍ ഒരു തിരഞ്ഞെടുപ്പിനെ ആഗ്രഹിക്കുന്നില്ല. മന്ത്രിസഭ വീഴുമെന്ന് കണ്ടാല്‍ അവസാന തന്ത്രവും ഉമ്മന്‍ചാണ്ടി സ്വീകരിക്കുമെന്നറിയാവുന്ന കെ എം മാണി സി.പി.എമ്മിന് നല്‍കിയ ഗ്രീന്‍ സിഗ്നല്‍ പിന്‍വലിച്ചു. ഇടതുപക്ഷവും മന്ത്രിസഭ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ധാര്‍മികതയിലേക്ക് മടങ്ങാന്‍ തയ്യാറായി. നിലവിലെ സാഹചര്യത്തില്‍ നഷ്ടകച്ചവടമായി മാറുന്ന നിലപാടു സ്വീകരിക്കുന്നത് രാഷ്ട്രീയപരമായി കനത്ത തിരിച്ചടിയാവുമെന്ന് സി.പി.എമ്മും കണക്കുക്കൂട്ടി. ഇതോടെയാണ്  പന്ന്യന്‍ രവീന്ദ്രന്‍ മുന്‍നിലപാട് നിന്നും പിന്‍വലിഞ്ഞത്. 1989 ല്‍ ഇടതുപക്ഷത്തായിരുന്ന കെ എം മാണി നായനാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് മുന്നണി വിട്ടു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ഭരണം നടത്താന്‍ ലക്ഷ്യമിട്ടായിരുന്നു നായനാര്‍ സര്‍ക്കാരിനെ അട്ടിമറിച്ചത്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നായനാര്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതേ തന്ത്രമാണ് ഇത്തവണ കെ എം മാണിക്കും ഇടതുപക്ഷത്തിനും മുമ്പില്‍ ഉമ്മന്‍ചാണ്ടി പയറ്റിയത്. ഈ തന്ത്രത്തില്‍ ഇരുപക്ഷവും വീണതോടെ യു.ഡി.എഫ് മന്ത്രിസഭയ്ക്കുണ്ടായ ഭീഷണി ഒഴിഞ്ഞു. മുഖ്യമന്ത്രിയുടെ വ്യക്തമായ സന്ദേശം ലഭിച്ചതോടെയാണ് അടിയന്തിരമായി വിളിച്ചു ചേര്‍ത്ത കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് പിരിഞ്ഞത്. ഏതാണ്ട് മുന്നണി വിടാനുള്ള തീരുമാനം അരക്കിട്ടുറപ്പിച്ച നിലയിലാണ് ചൊവ്വാഴ്ച രാവിലെ മാണി യോഗം വിളിച്ചത്. ഈ യോഗത്തില്‍ വെച്ച് മുന്നണി വിടാനുള്ള തീരുമാനം പ്രഖ്യാപിക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, നീക്കം മുന്‍കൂട്ടി കണ്ട ഉമ്മന്‍ചാണ്ടി ആവനാഴിയിലെ പ്രധാന അസ്ത്രം തൊടുത്തതോടെ കെ എം മാണിയും സി.പി.എം അടക്കമുള്ള ഇടത് കക്ഷികളും മന്ത്രിസഭ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിച്ച് തടിയൂരി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ അട്ടിമറിക്കാന്‍ പ്രമുഖനായ സാമുദായിക നേതാവിന്റെ ആശിര്‍വാദത്തോടെ ഒമ്പതു മാസം മുമ്പാണ് കേരളാ കോണ്‍ഗ്രസ് (എം) രംഗത്തിറങ്ങിയത്. കരിമണല്‍ വ്യവസായിയാണ് കേരള കോണ്‍ഗ്രസിനെ ഇടതുപാളയത്തില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരനായി ആദ്യം രംഗത്തു വന്നത്. എന്നാല്‍ പലതലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ വിജയത്തിന്റെ വക്കിലെത്തിയ സമയത്താണ് ബ്രഹ്മാസ്ത്ര പ്രയോഗത്തിലൂടെ ഉമ്മന്‍ചാണ്ടി നീക്കത്തെ തകര്‍ത്തത്. ഇതോടെ തല്‍ക്കാലത്തേക്കെങ്കിലും മന്ത്രിസഭയ്ക്ക് മാണി ഗ്രൂപ്പ് ഉയര്‍ത്തിയ ഭീഷണി ഒഴിഞ്ഞു.

കേരളാ കോണ്‍ഗ്രസ് എം- ഇടത് ചര്‍ച്ച അണിയറയില്‍ സജീവമാവുന്നു





കൊച്ചി: പുതിയ കൂട്ടുകെട്ടുകള്‍ സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് (എം)- ഇടതുമുന്നണി ചര്‍ച്ച അണിയറയില്‍ വീണ്ടും സജീവമാകുന്നു. സോളാര്‍ വിവാദത്തിന്റെയും സംസ്ഥാന കോണ്‍ഗ്രസ്സിലെ ആഭ്യന്തര കലാപത്തിന്റെയും മറപിടിച്ചാണ് യു.ഡി.എഫിലെ പ്രധാന ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് (എം) പുതിയ കൂട്ടുകെട്ടുകള്‍ സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത് ഇതിന്റെ സൂചനയാണ്.

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തി സര്‍ക്കാരിനെ മുന്നോട്ടു കൊണ്ടുപോവുക അസാധ്യമാണെന്ന വിലയിരുത്തലിലാണ് മാണി ഗ്രൂപ്പ്. തങ്ങള്‍ക്ക് ആരോടും വിധേയത്വമില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ ആ നിമിഷം പിരിയാമെന്ന് തീരുമാനിക്കുമെന്നുമാണു മാണി മുന്നറിയിപ്പുനല്‍കിയിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ്സിന് നല്ല ആത്മധൈര്യം ഉണെ്ടന്നും ഒറ്റയ്ക്ക് നിന്ന് ശക്തിതെളിയിച്ചവരാണ് തങ്ങളെന്നും കെ എം മാണി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇടതുമുന്നണിയിലേക്കു ചിലര്‍ ക്ഷണിച്ചത് തങ്ങളുടെ ശക്തി കണ്ടിട്ടാണ്. എത്ര ഉപദേശിച്ചിട്ടും യു.ഡി.എഫ്. നന്നാവുന്നില്ലെങ്കില്‍ മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നും മാണി മുന്നറിയിപ്പുനല്‍കിയിട്ടുണ്ടായിരുന്നു.

കേരളാ കോണ്‍ഗ്രസ് ശക്തിതെളിയിച്ചു കഴിഞ്ഞപ്പോഴാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ളവരെല്ലാം തങ്ങളെ സ്വീകരിക്കാന്‍ തയ്യാറായതെന്ന കാര്യവും മാണി ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ ആരുടെയും വാലാട്ടിയാവാനില്ലെന്ന പി സി ജോര്‍ജിന്റെ നിലപാടും ഇടതുപാളയത്തിലേക്ക് കേരള കോണ്‍ഗ്രസ് (എം) അടുക്കുന്നുവെന്ന സൂചനകളാണു നല്‍കുന്നത്. സോളാര്‍ വിവാദത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമായതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കനത്ത തിരിച്ചടിയുണ്ടാവുമെന്ന വിലയിരുത്തലാണു കേരള കോണ്‍ഗ്രസ്സിനുള്ളത്.

ജോസ് കെ മാണി എം.പിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ നീക്കം സംബന്ധിച്ച് കെ എം മാണിക്ക് വ്യക്തമായ സൂചന മുമ്പു ലഭിച്ചിരുന്നു. സി.പി.എമ്മിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ കെ എം മാണിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാനുള്ള ചര്‍ച്ചകളാണു വിവിധ കേന്ദ്രങ്ങളില്‍ അനൗദ്യോഗികമായി ആരംഭിച്ചിരിക്കുന്നത്. യു.ഡി.എഫ്. സര്‍ക്കാരിനെ അട്ടിമറിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളില്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവന പുതിയ സര്‍ക്കാരില്‍ പങ്കാളിയാവാനില്ലെന്ന പാര്‍ട്ടിയുടെ നിലപാടാണു വ്യക്തമാക്കുന്നത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സ്വീകരിക്കുന്ന പല നിലപാടുകളും സി.പി.എമ്മിന് തുടര്‍ച്ചയായ തലവേദനകള്‍ സൃഷ്ടിക്കുന്നവയാണ്. ഈ സാഹചര്യത്തില്‍ കെ എം മാണിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് വി എസിനെ ഒതുക്കുകയെന്ന ലക്ഷ്യവും പുതിയ കൂട്ടുകെട്ടുകള്‍ സംബന്ധിച്ച ആലോചനകള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ സി.പി. എം. ഔദ്യോഗിക പക്ഷത്തെ നിര്‍ബന്ധിതരാക്കുന്നു. മധ്യകേരളത്തില്‍ നിര്‍ണായക ശക്തിയായ കേരള കോണ്‍ഗ്രസ്സിന്റെ സ്വാധീനം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂലമാക്കാമെന്ന കണക്കുകൂട്ടലും മാണിയുമായുള്ള ചങ്ങാത്തത്തിന് സി.പി.എമ്മിന് പ്രേരണ നല്‍കുന്നുണ്ട്. സര്‍ക്കാരിലെ അനൈക്യവും കോ ണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരും പരിഹരിക്കുന്നതില്‍ ഹൈക്കമാന്‍ ഡ് സ്വീകരിച്ചിരിക്കുന്ന മെല്ലപ്പോക്കും മാണി ഗ്രൂപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. മാണിയുടെ ഇപ്പോഴത്തെ നിലപാട് പുതിയ കൂട്ടുകെട്ടുകള്‍ സംബന്ധിച്ച ചില ഒളിയമ്പുകളാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈ മാസം 20ന് സി.പി.എം. പോളിറ്റ്ബ്യൂറോ യോഗം ചേരുന്നുണ്ട്. കേരള കോണ്‍ഗ്രസ്സുമായുള്ള ചര്‍ച്ചകളെ സംബന്ധിച്ച് പോളിറ്റ്ബ്യൂറോ കൈക്കൊള്ളുന്ന തീരുമാനമാവും പുതിയ രാഷ്ട്രീയ സഖ്യത്തിന് വേഗം കൂട്ടുക.